അവതാര പിറവിക്ക് പിന്നില്‍ ‘ദൈവം’! സഞ്ജു കഥ പറയുമ്പോള്‍; ക്രിക്കറ്റ് ദൈവത്തിന്റെ കൈപിടിച്ച് സഞ്ജു സാംസണ്‍; ലോകക്രിക്കറ്റിന്റെ നെറുകയില്‍ മലയാളി കരുത്ത്

ക്രിക്കറ്റ് ലോകം ദൈവമായി ആരാധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ‘അവതാരമായി’ സഞ്ജു വിശ്വനാഥ് സാംസണ്‍ പിറവിയെടുത്തിരിക്കുന്നു. ട്വന്റി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വികാരാധീനനായി സഞ്ജു വെളിപ്പെടുത്തിയത് തന്റെ ഈ സ്വപ്നതുല്യമായ കുതിപ്പിന് പിന്നില്‍ സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു എന്നാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകളാണ് പ്രതിസന്ധികളില്‍ തനിക്ക് കരുത്തായതെന്നും സഞ്ജു പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം മാനസികമായി തകര്‍ന്നുപോയ തനിക്ക് മുന്നില്‍ ദൈവം തുറന്ന പുതിയ വഴിയായിരുന്നു ഈ ലോകകപ്പ്. 2024 ലോകകപ്പില്‍ ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ വേദന ഉള്ളിലൊതുക്കിയാണ് സഞ്ജു കഠിനാധ്വാനം ചെയ്തത്. ഒരു ഘട്ടത്തില്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടപ്പോഴും നായകന്‍ സൂര്യകുമാര്‍ യാദവില്‍ നിന്ന് പരിഹാസം കലര്‍ന്ന ചിരി നേരിടേണ്ടി വന്നപ്പോഴും സഞ്ജു തളര്‍ന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു, പിന്നീട് കണ്ടത് വിശ്വരൂപമായിരുന്നു.

വിന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 97 റണ്‍സുമായി ഇന്ത്യയുടെ രക്ഷകനായ സഞ്ജു, സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയും തകര്‍ത്താടി. ഫൈനലില്‍ 46 പന്തില്‍ നിന്ന് 5 ഫോറുകളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെ സഞ്ജു അടിച്ചുകൂട്ടിയ 89 റണ്‍സ് ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്. മര്‍ലോണ്‍ സാമുവല്‍സിന്റെയും കെയ്ന്‍ വില്യംസന്റെയും റെക്കോഡുകള്‍ പഴങ്കഥയാക്കിയ ഈ ഇന്നിങ്‌സ് ഇന്ത്യയെ 256 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

159 റണ്‍സിന് കിവീസിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ നരേന്ദ്ര മോദി സ്റ്റേഡിയം ഒന്നടങ്കം ആര്‍ത്തുവിളിച്ചത് ആ മലയാളി താരത്തിന്റെ പേരായിരുന്നു. അപമാനഭാരത്താല്‍ തലകുനിച്ചു നിന്ന ഒരു ഭൂതകാലത്തെ വെട്ടിമാറ്റി, ലോകക്രിക്കറ്റിലെ പുതിയ ബ്രാന്‍ഡായി സഞ്ജു സാംസണ്‍ മാറിക്കഴിഞ്ഞു. സച്ചിന്‍ എന്ന ഇതിഹാസം വിതച്ച ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വിളവെടുപ്പായി മാറിയിരിക്കുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top