രാജേഷിനെ തകര്‍ക്കാന്‍ ‘ദേശാഭിമാനി’ നാടകം; ആറ്റുകാലില്‍ തിരിച്ചടിച്ച് ക്ഷേത്ര ട്രസ്റ്റ്; വെട്ടിലായി സി.പി.എം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നാലെ മേയര്‍ വി.വി. രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും നഗരസഭ ഭരണത്തെ പ്രതിക്കൂട്ടിലാക്കാനും സി.പി.എം നടത്തിയ നീക്കങ്ങള്‍ നനഞ്ഞ പടക്കമായി. ക്ഷേത്രപരിസരത്തെ ശുചീകരണം പാളിയെന്നാരോപിച്ച് നഗരസഭയെ താറടിക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണം തന്നെ തിരിച്ചടിയായിരിക്കുകയാണ്. ക്ഷേത്ര വളപ്പിലെ ശുചീകരണം ട്രസ്റ്റിന്റെ നേരിട്ടുള്ള ചുമതലയിലാണെന്നും ഇതില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തല്‍ സി.പി.എമ്മിനെയും മന്ത്രി വി. ശിവന്‍കുട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കി.

ഭരണസമിതിക്കെതിരെ ‘മാലിന്യക്കുന്നുകള്‍’ എന്ന ആരോപണം ഉയര്‍ത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചവരുടെ മുനയൊടിക്കുന്നതാണ് ട്രസ്റ്റിന്റെ നിലപാട്. ഉത്സവം കഴിഞ്ഞ് പന്തലുകള്‍ പൊളിച്ചുനീക്കുന്ന മുറയ്ക്ക് മാലിന്യം നീക്കുന്നത് കാലാകാലങ്ങളായി ട്രസ്റ്റ് തന്നെയാണ്. ഇത് വ്യക്തമായി അറിയാവുന്ന മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ശിവന്‍കുട്ടി, അന്വേഷണത്തിനായി ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയത് ശുദ്ധ രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് കുറ്റപ്പെടുത്തി. മേയറുടെ ജനപ്രീതിയില്‍ വിറളിപൂണ്ട അഭിനവ ദാരുകന്മാരാണ് ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.

മേയര്‍ വി.വി. രാജേഷിനെ താറടിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. പൊങ്കാലയുടെ ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുമെന്ന മേയറുടെ പ്രഖ്യാപനം ‘രണ്ടു ദിവസം കഴിഞ്ഞിട്ടും നടന്നില്ല’ എന്ന വിചിത്രമായ വാദമാണ് പത്രം ഉയര്‍ത്തിയത്. മാര്‍ച്ച് മൂന്നിന് പൊങ്കാല കഴിഞ്ഞ് ആറാം തീയതിയായപ്പോഴേക്കും വീട് പണിഞ്ഞില്ലെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. രണ്ട് ദിവസം കൊണ്ട് വീട് വെക്കാന്‍ മേയര്‍ മാന്ത്രികനല്ലെന്ന വസ്തുത നിലനില്‍ക്കെ, കള്ളപ്രചാരണത്തിലൂടെ രാജേഷിന്റെ ഗ്രാഫ് താഴ്ത്താനാണ് സി.പി.എം ശ്രമം.

നഗരത്തിലെ പാര്‍ക്കിംഗ് കൊള്ള അവസാനിപ്പിച്ചതും യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണം പൂര്‍ത്തിയാക്കിയതും മേയര്‍ക്ക് വലിയ കൈയ്യടി നേടിക്കൊടുത്തിരുന്നു. നടി മല്ലികാ സുകുമാരന്‍ അടക്കമുള്ളവര്‍ ഭരണസമിതിയുടെ മികവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ പ്രകോപിതരായ സി.പി.എം നേതൃത്വം, ക്ഷേത്രത്തിനകത്തെ ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിലുള്ള മാലിന്യങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭയെ നാണംകെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ട്രസ്റ്റ് തന്നെ സത്യം വിളിച്ചുപറഞ്ഞതോടെ മേയറെ പൂട്ടാനിറങ്ങിയവര്‍ക്ക് ആറ്റുകാല്‍ മണ്ണില്‍ നിന്നും കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top