തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കും ജയിക്കണം…. അനന്തപുരത്ത് എന്തും സംഭവിക്കാം…..!

തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ കരുനീക്കങ്ങള്‍ വെട്ടിനിരത്തലുകളിലേക്ക് കടക്കുന്നു. ‘അനന്തപുരി പിടിക്കുന്നവര്‍ കേരളം ഭരിക്കും’ എന്ന പഴയ ചൊല്ല് ഇത്തവണയും അന്വര്‍ത്ഥമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ പതിവ് ദ്വിമുഖ പോരാട്ടങ്ങള്‍ക്കപ്പുറം, ജില്ലയിലെ 14-ല്‍ ഏഴ് മണ്ഡലങ്ങളിലും ഇത്തവണ കനത്ത ത്രികോണ പോരിനാണ് കളമൊരുങ്ങുന്നത്. ഭരണവിരുദ്ധ വികാരത്തെ പോലും നിഷ്പ്രഭമാക്കുന്ന രീതിയില്‍ ‘ത്രികോണ ചൂട്’ തലസ്ഥാനത്ത് ആളിപ്പടരുകയാണ്.

കോണ്‍ഗ്രസ്- 11 മണ്ഡലങ്ങളില്‍ ജയസാധ്യത- ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം മണ്ഡലം കോണ്‍ഗ്രസിന് ബാലികേറാമല
ഇടതുപക്ഷം-സിപിഎമ്മിനും സിപിഐയ്ക്കും കൂടി 13 മണ്ഡലങ്ങള്‍ വരെ ജയിക്കാം.. കോവളത്ത് വിജയം പ്രയാസകരം
ബിജെപി-തിരുവനന്തപുരം, നേമം. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കാട്ടക്കട എന്നിവിടങ്ങളില്‍ ജയിക്കാം

രാഷ്ട്രീയ കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് വോട്ടര്‍പട്ടികയിലെ പുതിയ കണക്കുകള്‍. എസ്.ഐ.ആര്‍ (ടകഞ) പ്രകാരം ജില്ലയില്‍ 3.21 ലക്ഷം വോട്ടര്‍മാരാണ് കുറഞ്ഞത്. ഇതില്‍ ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ മാത്രം ഒന്നര ലക്ഷത്തോളം വോട്ടുകള്‍ ഇല്ലാതായത് മുന്നണികളെ മാറി ചിന്തിപ്പിക്കുന്നുണ്ട്. നിലവില്‍ 14-ല്‍ 13 സീറ്റും ഇടതുമുന്നണിയുടെ കൈവശമാണെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആറ് സീറ്റുകളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. തിരുവനന്തപുരം, നേമം. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കാട്ടക്കട എന്നിവയാണ് അവ. തിരുവനന്തപുരം നഗരസഭാ ഭരണം ബി.ജെ.പി പിടിച്ചെടുത്തത് നഗരമേഖലയിലെ നാല് സീറ്റുകളിലും അവരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ആറ്റിങ്ങലിലും കാട്ടാക്കടയിലും ബി.ജെ.പി വലിയ അട്ടിമറി സ്വപ്നം കാണുന്നുണ്ട്.

മറുഭാഗത്ത്, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ കണക്കുകള്‍ വിശ്വസിച്ച് ആറിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയപ്രതീക്ഷ പുലര്‍ത്തുന്നു. കോവളം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട എന്നിവ പിടിച്ചെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. എന്നാല്‍ സിറ്റിംഗ് എം.എല്‍.എമാരുടെ കരുത്തില്‍ പത്തില്‍ കുറയാത്ത സീറ്റുകള്‍ എല്‍.ഡി.എഫും ഉറപ്പിക്കുന്നു. വോട്ടര്‍പട്ടികയില്‍ വോട്ട് കുറഞ്ഞതില്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്കയുണ്ട്. ഓരോ വോട്ടും നിര്‍ണ്ണായകമായ ഇവിടെ പട്ടിക ആഴത്തില്‍ പരിശോധിക്കുകയാണ് പാര്‍ട്ടികള്‍.

മണ്ഡലങ്ങളിലെ പോരാട്ട ചിത്രം പരിശോധിച്ചാല്‍, തിരുവനന്തപുരം സെന്‍ട്രലില്‍ ആന്റണി രാജുവിന്റെ അയോഗ്യത ഇടതുമുന്നണിക്ക് വലിയ വെല്ലുവിളിയാണ്. യു.ഡി.എഫിനായി വി.എസ്. ശിവകുമാര്‍, ശബരീനാഥ് എന്നിവര്‍ക്കൊപ്പം ശശി തരൂരിനെ പോലും പരിഗണിക്കുന്നുണ്ട്. ബി.ജെ.പിയില്‍ കരമന ജയനും ചെങ്കല്‍ രാജശേഖരന്‍ നായരും സജീവമാണ്. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് (ബി) സീറ്റിനായി വാദിക്കുമ്പോള്‍ ബാലഗോപാലിന്റെ പേരും ഉയരുന്നുണ്ട്. ക്രൈസ്തവ-നായര്‍ വോട്ടുകളുടെ ധ്രുവീകരണം ഇവിടെ ജയപരാജയങ്ങള്‍ നിശ്ചയിക്കും.

വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തിന്റെ ജനപ്രീതിക്ക് തടയിടാന്‍ കെ. മുരളീധരനെ തന്നെ ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം. മുരളീധരനായി ഇതിനോടകം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ത്രികോണ പോരിന്റെ ചൂട് കൂട്ടിയിട്ടുണ്ട്. ബി.ജെ.പിക്കായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെയോ കൃഷ്ണകുമാറിന്റെയോ പേരുകളാണ് ഉയരുന്നത്. അയ്യപ്പ വികാരവും ഭരണവിരുദ്ധതയും തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതുമ്പോള്‍, തദ്ദേശ ഭരണത്തിലെ മേല്‍ക്കൈ ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നു.

നേമത്ത് ഇത്തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് അങ്കത്തിനിറങ്ങുന്നത് പോരാട്ടത്തിന് ദേശീയ ശ്രദ്ധ നല്‍കുന്നു. മന്ത്രി വി. ശിവന്‍കുട്ടി തന്നെയാകും ഇടതുപക്ഷത്തിന്റെ പോരാളി. കോണ്‍ഗ്രസ് വൈഷ്ണ സുരേഷിനെ പോലുള്ള യുവനേതാക്കളെ പരിഗണിക്കുന്നു. മുസ്ലീം വോട്ടുകളും എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടികളുടെ നിലപാടും ഇവിടെ നിര്‍ണ്ണായകമാകും. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് വെല്ലുവിളിയുമായി ബി.ജെ.പിയുടെ വി. മുരളീധരന്‍ എത്തുമ്പോള്‍ മണ്ഡലം പ്രവചനാതീതമാകും.

അരുവിക്കരയില്‍ ജി. സ്റ്റീഫനും ശബരീനാഥും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. നെയ്യാറ്റിന്‍കരയില്‍ കെ. ആന്‍സലനും പാറശ്ശാലയില്‍ സി.കെ. ഹരീന്ദ്രനും ഇടതു പ്രതീക്ഷകള്‍ കാക്കുമ്പോള്‍, കോവളത്ത് എം. വിന്‍സെന്റിനെ വീഴ്ത്താന്‍ വിഴിഞ്ഞം വികസനം ആയുധമാക്കുകയാണ് എല്‍.ഡി.എഫ്. നെടുമങ്ങാടും വാമനപുരവും നിലനിര്‍ത്താന്‍ ഇടതുപക്ഷം കിണഞ്ഞു ശ്രമിക്കുമ്പോള്‍ ആറ്റിങ്ങലിലും വര്‍ക്കലയിലും ബി.ജെ.പിയുടെ വോട്ട് വര്‍ദ്ധനവ് ഇരുമുന്നണികളെയും ഉറക്കം കെടുത്തുന്നു. കാട്ടാക്കടയില്‍ ഐ.ബി. സതീഷിനെതിരെ പി.കെ. കൃഷ്ണദാസ് വീണ്ടും എത്തുന്നതോടെ അവിടെയും അതിശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top