കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മന്ത്രിയുടെ കഴുത്തിന് മുകളില്‍ പരിക്കേറ്റത് അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി.എച്ച്. മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. റെയില്‍വേ സ്റ്റേഷനുള്ളില്‍ വെച്ച് അതിക്രമം നടന്നതിനാല്‍ പ്രതികളെ റെയില്‍വേ പോലീസിന് കൈമാറി. അറസ്റ്റിലായവര്‍ക്ക് കുറച്ചു കാലം ജയിലില്‍ കിടക്കേണ്ടി വരും.
മന്ത്രിക്കു നേരെയുണ്ടായ കായികമായ കടന്നാക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധത്തിലാണ് സിപിഎം. ഒരു വനിതാ മന്ത്രിയെ ഇത്തരത്തില്‍ ആസൂത്രിതമായി അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ റീത്ത് വെച്ച് ഭീഷണിപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് ഈ വധശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. മന്ത്രിയുടെ കൈക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായും ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഫേസ്ബുക്കില്‍ കുറിച്ചു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി സന്ദര്‍ശിച്ചു. കണ്ണൂരില്‍ പി. ജയരാജന്, വി.കെ സനോജ്, എം. വിജിന് എംഎല്‍എ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറുന്നത്.



