വീണയ്ക്ക് ‘അടി’ കിട്ടി; ഉമ്മന്‍ചാണ്ടിയ്ക്ക് തല പൊട്ടി; കണ്ണൂര്‍ കലി തുള്ളുമ്പോള്‍

രാഷ്ട്രീയ പ്രതിഷേധങ്ങള്‍ അതിരുവിടുമ്പോള്‍ ഭരണകൂടവും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധവും അതിനോടുള്ള സി.പി.എമ്മിന്റെ അതിവൈകാരിക പ്രതികരണവുമാണ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കണ്ണൂരിലുണ്ടായ വധശ്രമത്തെയും അന്നത്തെ അദ്ദേഹത്തിന്റെ നിലപാടിനെയും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വീഴ്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മന്ത്രിക്കു പരിക്കേറ്റുവെന്നാരോപിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതും മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവും വലിയ രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മന്ത്രിയുടെ പരിക്കിനെ പരിഹസിച്ച് ‘നടിപ്പിന്‍ നായിക’ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. മന്ത്രി പണ്ട് മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ചാണ് സൈബര്‍ പോരാട്ടം. മന്ത്രി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും, ശാരീരിക ആക്രമണം ഉണ്ടായിട്ടില്ലെന്നും കെ. സുധാകരനും വി.ഡി. സതീശനും ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നു. ഇതെല്ലാം സിപിഎം നിഷേധിക്കുകയാണ്. ഏതായാലും ആശുപത്രിയിലാണ് ആരോഗ്യമന്ത്രി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറ് കേരളം മറന്നിട്ടില്ല. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടും അന്ന് ഉമ്മന്‍ചാണ്ടി കാട്ടിയ സംയമനം ഇന്നും രാഷ്ട്രീയ മാതൃകയായി വാഴ്ത്തപ്പെടുന്നു. തനിക്ക് നേരെ കല്ലെറിഞ്ഞവരെ ശിക്ഷിക്കാനോ കേസിനു പുറകെ പോകാനോ അദ്ദേഹം താല്പര്യം കാണിച്ചില്ല. തന്നെ ആക്രമിച്ചവരോട് ക്ഷമിക്കുന്ന നിലപാടാണ് അദ്ദേഹം അന്ന് സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് കേസായി. ഇന്ന് വീണാ ജോര്‍ജിന്റെ പരിക്കില്‍ സി.പി.എം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമ്പോള്‍, അന്ന് മുഖ്യമന്ത്രിയായിരുന്നിട്ടും ഉമ്മന്‍ചാണ്ടി അണികളെ ശാന്തനാക്കുകയാണ് ചെയ്തത്.

രാഷ്ട്രീയ ലാഭത്തിനായി ചെറിയ പ്രതിഷേധങ്ങളെപ്പോലും കലാപത്തിലേക്ക് തള്ളി വിടുന്ന പുതിയ കാലത്തെ രാഷ്ട്രീയവും, ആക്രമിക്കപ്പെട്ടിട്ടും സംയമനം പാലിച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയവും തമ്മിലുള്ള ദൂരം ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഉമ്മന്‍ചാണ്ടിയുടെ തലയില്‍ നിന്നും ചോര പൊടിഞ്ഞത് നാം എല്ലാവരും കണ്ടതുമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top