കോട്ടയം: രണ്ട് സീറ്റുകള്‍ സ്വന്തം കുടുംബത്തിലേക്ക് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണിയുടെ തന്ത്രപരമായ നീക്കം. പാലാ നിയോജകമണ്ഡലത്തില്‍ ഭാര്യ നിഷ ജോസ് കെ. മാണിയെ കളത്തിലിറക്കി, കടുത്തുരുത്തിയില്‍ താന്‍ മത്സരിക്കുക എന്ന വലിയൊരു മാസ്റ്റര്‍ പ്ലാനാണ് കെ.എം മാണിയുടെ വീട്ടില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്റെ ഈ രഹസ്യനീക്കം തിരിച്ചറിഞ്ഞ മന്ത്രി റോഷി അഗസ്റ്റിന്റെ വെട്ടിനിരത്തല്‍ ശ്രമങ്ങള്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ വലിയ ആഭ്യന്തര കലാപത്തിലേക്കാണ് വഴിതുറക്കുന്നത്. ജോസിന്റെ പുതിയ നീക്കത്തോടെ പാര്‍ട്ടിയില്‍ റോഷി അഗസ്റ്റിന് പൂര്‍ണ്ണമായും അപ്രസക്തനാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്.
നിഷയെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം മണത്തറിഞ്ഞാണ്, പാലായില്‍ പാര്‍ട്ടി ചെയര്മാന് തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്നാണ് പാര്‍ട്ടിയിലെ അടക്കംപറച്ചില്‍. അടുത്തിടെ നടന്ന പത്രസമ്മേളനത്തില്‍ ജോസ് കെ. മാണി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി, ‘പാലായില്‍ ജോസ് മത്സരിക്കു’മെന്ന് റോഷി പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. തൊട്ടടുത്ത ദിവസവും റോഷി ഇത് ആവര്‍ത്തിച്ചെങ്കിലും, ആര് മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജോസ് വ്യക്തമാക്കിയതോടെ ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. രാജ്യസഭയില്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെ കാലാവധി ബാക്കിയുള്ള ജോസ് കെ. മാണി, പാലായില്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാതെ ആ സീറ്റ് ഭാര്യക്ക് നല്‍കാനും, താന്‍ കൂടുതല്‍ സുരക്ഷിതമായ കടുത്തുരുത്തിയിലേക്ക് മാറാനുമാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ ഈ നീക്കത്തെ റോഷി അഗസ്റ്റിന് വിഭാഗം കടുത്ത ആശങ്കയോടെയാണ് കാണുന്നത്. നിഷ പാലായില്‍ മത്സരിച്ച് വിജയിക്കുകയും, ഇടതുമുന്നണി വീണ്ടും ഭരണത്തില്‍ എത്തുകയും ചെയ്താല്‍, ഇടുക്കിയില്‍ വിജയിച്ചാല്‍ പോലും തനിക്ക് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് റോഷി ഭയക്കുന്നു. ജോസ് കെ. മാണി രാജ്യസഭാംഗമായി തുടരുകയോ കടുത്തുരുത്തിയില്‍ ജയിക്കുകയോ ചെയ്യുകയും, നിഷ പാലായില്‍ എംഎല്‍എ ആകുകയും ചെയ്താല്‍ പാര്‍ട്ടിയില്‍ തന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് റോഷി വിഭാഗത്തിന്റെ വിലയിരുത്തല്‍. സിറ്റിങ് എംഎല്‍എ മാണി സി. കാപ്പന് പുറമെ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വരുന്ന പാലായില്‍ നിഷ മത്സരിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കുകയാണ് അവര്‍.
മറുവശത്ത്, യാതൊരു എതിര്‍പ്പുകളെയും വകവെക്കാതെ നിഷ ജോസ് കെ. മാണി പാലായില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. പുലിയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്തതും, ഗാനമേളയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോ വൈറലായതും ഇതിന്റെ ഭാഗമായിരുന്നു. മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിറഞ്ഞുനില്ക്കുന്ന നിഷയുടെ നീക്കങ്ങള്‍ നിയമസഭയിലേക്കുള്ള കൃത്യമായ തയ്യാറെടുപ്പാണ്. നിലവില്‍ പാലാ മുനിസിപ്പാലിറ്റിയിലെ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും വനിതകളായതിനാല്‍, നിയമസഭാ മണ്ഡലത്തിലും വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രചരണം ജോസ് കെ. മാണി വിഭാഗം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിലേക്ക് തിരിച്ചുപോകാനുള്ള ജോസ് കെ. മാണിയുടെ ശ്രമങ്ങള്‍ക്ക് തടയിട്ടത് റോഷി അഗസ്റ്റിന്റെ ശക്തമായ നിലപാടായിരുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖയില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭാര്യയെയും കൂട്ടി രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ജോസിന്റെ ഇപ്പോഴത്തെ പടയൊരുക്കം. നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിന്റെ നിലപാട് നിര്‍ണ്ണായകമാകും. എന്തായാലും നിഷയുടെ പേരില്‍ ജോസും റോഷിയും തമ്മിലുള്ള പോര് മുറുകിയാല്‍, അത് കേരള കോണ്‍ഗ്രസ് എമ്മിനെ വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിച്ചാലും അത്ഭുതപ്പെടാനില്ല.



