വേദനയുടെ കടലിലും ലോകത്തിന് കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക കാട്ടി അരുണും ഷെറിനും. പത്തുമാസം മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയപുത്രി ആലിന് ഷെറിന് എബ്രഹാമിനെ അഞ്ച് പേരുടെ ജീവിതത്തിലേക്ക് വെളിച്ചമായി മാറ്റിയിരിക്കുകയാണ് ഈ മാതാപിതാക്കള്‍. ആലിന് മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ നിസ്വാര്‍ത്ഥമായ തീരുമാനത്തെ പ്രകീര്‍ത്തിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നത് ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്,’ എന്ന് മോഹന്‍ലാല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. സഹജീവികളായ ചില കുരുന്നുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്കി വിടവാങ്ങിയ ആലിന് ഇനി പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനും കണ്ണു തുടച്ചുവെന്ന് തന്നെയാണ് ഈ വരികളിലൂടെ മോഹന്‍ലാല്‍ പറയുന്നത്. അത്രയും ഹൃദയത്തില്‍ തൊടുന്നതാണ് വാക്കുകള്‍.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന് ഷെറിന് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിന് മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനില്ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന് ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും.-ഇതാണ് ലാലിന്റെ വാക്കുകള്‍.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന സങ്കടകരവും എന്നാല്‍ അഭിമാനകരവുമായ നേട്ടവുമായാണ് ആലിന് മടങ്ങിയത്. കുഞ്ഞിന്റെ കരള്‍, രണ്ട് വൃക്കകള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് മാതാപിതാക്കള്‍ ദാനം ചെയ്തത്. ഇതില്‍ കരള്‍ സ്വീകരിക്കുന്നത് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞാണ്. സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ഈ ആറുമാസക്കാരന് മാറി. ഫെബ്രുവരി അഞ്ചിന് എം.സി. റോഡില്‍ പള്ളം ബോര്‍മ കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടമാണ് ആലിന്റെ ജീവന് കവര്‍ന്നത്. മല്ലപ്പള്ളി സ്വദേശികളായ അരുണും കുടുംബവും സഞ്ചരിച്ച കാറിലേക്ക് എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും സാരമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 13-നാണ് ആലിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് തങ്ങളുടെ മകള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം മാതാപിതാക്കള്‍ എടുക്കുകയായിരുന്നു. കെ-സോട്ടോയുടെ ഏകോപനത്തില്‍ പോലീസിന്റെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്. നീറുന്ന വേദനയ്ക്കിടയിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്താന്‍ തീരുമാനിച്ച അരുണിനെയും ഷെറിനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു.



