നെയ്യാറ്റിന്‍കരയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; നിനോ അലക്‌സ് വരുമോ?

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ സജീവമാകവെ, തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച സോളമന്‍ അലക്‌സിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന നിനോ അലക്‌സിനെ നെയ്യാറ്റിന്‍കരയില്‍ അങ്കത്തിന് ഇറക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. രാഷ്ട്രീയ കേരളം ഏറെ ആദരിച്ചിരുന്ന സോളമന്‍ അലക്‌സിനെ പലതവണ നെയ്യാറ്റിന്‍കരയില്‍ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ട ചരിത്രമുണ്ട്. ആ പഴയ തെറ്റ് തിരുത്താനും മകനിലൂടെ സോളമനോടുള്ള കടം വീട്ടാനുമാണ് ഇത്തവണ പാര്‍ട്ടി നീക്കം.

സമുദായ സമവാക്യങ്ങള്‍ അനുകൂലം നെയ്യാറ്റിന്‍കരയിലെ സമുദായ സമവാക്യങ്ങള്‍ കൃത്യമായി അറിയുന്ന കോണ്‍ഗ്രസ്, എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്താന്‍ നിനോ അലക്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് വിലയിരുത്തുന്നു. സോളമന്‍ അലക്‌സിന്റെ കുടുംബത്തിന് മണ്ഡലത്തിലുള്ള വലിയ സ്വാധീനവും സാധാരണക്കാര്‍ക്കിടയിലെ സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍. നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന ലളിതമ്മയാണ് നിനോയുടെ അമ്മ എന്നതും പ്രാദേശിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ‘യുവ നേതാവ്’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മികവ് കാട്ടി. കഴിഞ്ഞ കുറച്ചു കാലമായി നെയ്യാറ്റിന്‍കരയില്‍ സജീവമാണ് നിനോ അലക്‌സ്. ‘യൂത്ത് കെയര്‍’ പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയും, കോവിഡ് കാലത്ത് ഭക്ഷണവും മരുന്നും എത്തിച്ചും നിനോ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രളയകാലത്തും കൊറോണ പ്രതിസന്ധി ഘട്ടത്തിലും നിനോയുടെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ വലിയൊരു വോട്ട് ബാങ്ക് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നിലവില്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. നെയ്യാറ്റിന്‍കരയില്‍ അറിയപ്പെടുന്ന സഹകാരി കൂടിയാണ് നിനോ അലക്സ്.

നിലവില്‍ എല്‍.ഡി.എഫ് പ്രതിനിധീകരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ യുവത്വവും പാരമ്പര്യവും ഒരുപോലെ ഒത്തുചേരുന്ന ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന കെ.പി.സി.സി നിര്‍ദ്ദേശമാണ് നിനോ അലക്‌സിലേക്ക് എത്തിയത്. തങ്ങളുടെ പിതാവിന് നല്‍കാതെ പോയ അംഗീകാരം മകന് ലഭിക്കുന്നതിലൂടെ അണികള്‍ക്കിടയിലുള്ള ആവേശം ഇരട്ടിയാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങിയ നിനോ, അച്ഛന്‍ സോളമന്‍ അലക്‌സിന്റെ പിന്‍ഗാമിയായി നെയ്യാറ്റിന്‍കരയുടെ മണ്ണില്‍ സജീവമായി. ഇതിനെപ്പം ഒരുപിടി പേരുകളും നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. അതില്‍ നിനോ അല്ക്‌സിന് മുന്‍തൂക്കമുണ്ടെന്നാണ് സൂചന.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top