ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ.സി.ജെ. റോയ്യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചു. നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തു കടന്നു. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചില്‍ തോക്ക് ചേര്‍ത്തുവച്ച് ഒറ്റത്തവണയാണു വെടിവച്ചത്.
റിച്ച്മണ്ട് സര്‍ക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ അമ്മയെ ഫോണില്‍ വിളിക്കാന്‍ അനുവാദം ചോദിച്ചാണു റോയി തന്റെ കാബിനിലേക്കു പോയത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയപ്പോള്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ ആ വെടിയൊച്ചപോലും പുറത്താരും കേട്ടില്ല. 15 മിനിറ്റുകള്‍ക്കുശേഷം ജീവനക്കാര്‍ മുറിയിലെ കസേരയില്‍ രക്തത്തില്‍ കുളിച്ച് മരിച്ചിരിക്കുന്ന റോയ്യെയാണ് കണ്ടത്.
അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് സമര്‍പ്പിച്ച പരാതിയിലാണു സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുള്ളത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കാനായി റോയ് ഓഫീസിലെത്തിയതെന്നും കൂടെ താനുമുണ്ടായിരുന്നുവെന്നും ജോസഫ് പറഞ്ഞു. പിന്നാലെ തന്റെ കാബിനിലേക്കു പോയ റോയ് അമ്മയോടു സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.എന്നാല്‍ പുറത്തേക്കിറങ്ങിയ താന്‍ തിരികെ എത്തിയപ്പോള്‍ കാബിനിലേക്കു കയറാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല.
ആരേയും കാബിനിലേക്കു കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. പത്തു മിനിറ്റിനുശേഷം താന്‍ കാബിനു മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍നിന്നു ലോക്കിട്ട നിലയിലായിരുന്നു. കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു റോയ്. പള്‍സ് ഇല്ലെന്ന് മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെക്കുകയായിരുന്നുവെന്നും ജോസഫിന്റെ പരാതിയില്‍ പറയുന്നു.



