സോഷ്യല്‍ മീഡിയാ തള്ള് ഇനി നടക്കില്ല; സഞ്ജു തീര്‍ന്നു! തിരുവനന്തപുരത്തും അവസരം തുലച്ചു

നീണ്ട കാത്തിരിപ്പുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ സഞ്ജു സാംസണ്‍ എന്ന പ്രതിഭയുടെ അന്താരാഷ്ട്ര കരിയറിന് തിരശീല വീഴുന്നുവോ ട്വന്റി20 ലോകകപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടന്ന നിര്‍ണ്ണായക മത്സരത്തിലും ബാറ്റിങ് മറന്നതോടെ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ആശങ്കയിലായി. അഞ്ച് പന്തില്‍ വെറും ആറ് റണ്ണുമായി മടങ്ങിയ താരത്തിന്, ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം.

ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തുന്നതോടെ സഞ്ജു പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. രണ്ടാം വിക്കറ്റ് കീപ്പറായെത്തിയ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ കരുത്ത് തെളിയിച്ചതോടെ, ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഇഷാനിലേക്ക് മാറിക്കഴിഞ്ഞു. തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്‌ക്വാഡില്‍ പോലും സ്ഥാനമില്ലാത്ത അവസ്ഥയാകും. പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കിയ സമാനതകളില്ലാത്ത പിന്തുണ വിനിയോഗിക്കുന്നതില്‍ മലയാളി താരം പരാജയപ്പെട്ടു. സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ താരത്തിനും ലഭിക്കാത്തത്ര അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചത്.

2025 ജനുവരി മുതലുള്ള കണക്കുകള്‍ സഞ്ജുവിന് വലിയ തിരിച്ചടിയാണ്. 11 ഇന്നിങ്സുകളില്‍ നിന്ന് വെറും 134 റണ്‍സ് മാത്രമാണ് മലയാളി വിക്കറ്റ് കീപ്പര്‍ നേടിയത്. പേസര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന സഞ്ജുവിന്റെ ശൈലി ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ഇന്ത്യക്ക് ബാധ്യതയാകുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നു. തിരുവനന്തപുരത്തെ കാണികള്‍ക്ക് മുന്നില്‍ തലതാഴ്ത്തി മടങ്ങിയ സഞ്ജുവിന്, ഇത് നീലക്കുപ്പായത്തിലെ അവസാന ഇന്നിങ്സായി മാറാനാണ് സാധ്യത. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനിറങ്ങുന്ന സഞ്ജുവിന് അവിടെയും മികവ് കാട്ടാനായില്ലെങ്കില്‍ ക്രിക്കറ്റ് ലോകത്ത് താരം അപ്രസക്തനാകും.

സോഷ്യല്‍ മീഡിയാ തള്ളാണ് സഞ്ജുവെന്ന ഉത്തരേന്ത്യന്‍ ലോബിയുടെ വാദവും ഇനി നിലനില്‍ക്കും. ഇനി സോഷ്യല്‍ മീഡിയയിലെ ഫാന്‍സിനും സഞ്ജുവിന് വേണ്ടി തള്ളാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top