ആര്യ രാജേന്ദ്രന്റെ കോഴിക്കോട് മോഹം പൂവണിയുമോ? തിരുവനന്തപുരം വിടാന്‍ പാര്‍ട്ടി അനുമതി ഇനിയും കിട്ടിയില്ല. നിയമസഭയിലേക്കും സീറ്റില്ലെന്നാണ് സൂചന. ഇതോടെ ആര്യയുടെ രാഷ്ട്രീയ ഭാവി തുലാസ്സിലോ എന്ന ചോദ്യം സജീവമാകുകയാണ്
തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. തന്റെ തട്ടകം തിരുവനന്തപുരത്തുനിന്നും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയുടെ നാടായ കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇതില്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. നിലവില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി ആര്യ തുടരുകയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്യയെ മാറ്റുന്നത് രാഷ്ട്രീയമായി ഗുണകരമാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. തലസ്ഥാനത്ത് പാര്‍ട്ടി നേരിട്ട വിവാദങ്ങളില്‍ മേയര്‍ എന്ന നിലയില്‍ ആര്യയ്ക്കുണ്ടായ പ്രതിച്ഛായ നഷ്ടമാണ് ഇതിന് കാരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പ്രാഥമിക ധാരണ. നേമം ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ആര്യയുടെ പേര് ചര്‍ച്ചകളില്‍ വന്നെങ്കിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതും ആര്യയ്ക്കെതിരെയുള്ള വിമര്‍ശനങ്ങളും തിരിച്ചടിയായി.
DYFI സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യയെ മാറ്റണമെങ്കില്‍ ഇരു ജില്ലകളിലെയും കമ്മിറ്റികള്‍ തമ്മില്‍ ധാരണയാകേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സംഘടനാപരമായ മാറ്റങ്ങള്‍ മതിയെന്നാണ് നിലവിലെ തീരുമാനം. മേയര്‍ കാലാവധി കഴിഞ്ഞതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും അല്പം പിന്നോട്ടു മാറിയ ആര്യ, നിലവില്‍ പഠനത്തിലും കുടുംബ കാര്യങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഴിക്കോട്ടേക്ക് മാറാന്‍ അനുമതി ലഭിക്കാത്തത് ആര്യയെ അമ്പരപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ആര്യയുടെ കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കൂ.



