കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടുള്ള അതിവേഗ റെയില്‍ പദ്ധതി ഇനി സ്വപ്നമല്ല. മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ പ്ലാനാണ്. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. സില്‍വര്‍ ലൈനില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഈ പദ്ധതി നടപ്പിലാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതിക്ക് അനുകൂലമായ നിലപാടാണെന്നാണ് സൂചനകള്‍.
പദ്ധതിയുടെ സാമ്പത്തിക വശം പരിശോധിച്ചാല്‍ ഏവരും അത്ഭുതപ്പെടും. ഒരു ലക്ഷം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതിയിലധികം തുകയും, അതായത് കൃത്യമായി പറഞ്ഞാല്‍ 51 ശതമാനവും ഇന്ത്യന്‍ റെയില്‍വേ നേരിട്ട് വഹിക്കും. ബാക്കിയുള്ള തുക കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് കണ്ടെത്തേണ്ടത്. അതായത്, വെറും 30,000 കോടി രൂപ മാത്രം മുടക്കിയാല്‍ കേരളത്തിന് ഈ അതിവേഗ റെയിലിന്റെ ഭാഗമാകാം. ശതകോടികള്‍ വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഇത്തവണ ഉണ്ടാകില്ല.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ പായുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 22 സ്റ്റേഷനുകള്‍. പാതയുടെ 70 ശതമാനവും തൂണുകളിലൂടെയും 20 ശതമാനം തുരങ്കങ്ങളിലൂടെയുമായിരിക്കും കടന്നുപോകുന്നത്. വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതോടെ കേരളത്തിലെ വിദേശയാത്രികര്‍ക്കും ഇത് വലിയ അനുഗ്രഹമാകും. ജനരോഷം ഒഴിവാക്കാന്‍ സ്ഥലമേറ്റെടുപ്പിലും വിപ്ലവകരമായ മാറ്റമുണ്ട്. തൂണുകള്‍ പണിയാന്‍ ആവശ്യമായ ഭൂമി മാത്രമാണ് സ്ഥിരമായി ഏറ്റെടുക്കുക. പണി കഴിഞ്ഞാല്‍ ബാക്കി ഭൂമി ഉടമകള്‍ക്ക് വിട്ടുനല്‍കും. അവിടെ വീട് വയ്ക്കാന്‍ കഴിയില്ലെങ്കിലും കൃഷി ചെയ്യാന്‍ തടസ്സമുണ്ടാകില്ല.
പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ തീയതി പൊന്നാനിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. റെയില്‍വേ മന്ത്രിയുടെ വാക്കാലുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികള്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ വേഗത്തിലായിക്കഴിഞ്ഞു. സില്‍വര്‍ ലൈന്‍ തര്‍ക്കങ്ങളില്‍ തട്ടി നിന്ന കേരളത്തിന് പുതിയ അതിവേഗ റെയില്‍ പാത ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.



