ശബിരമല സ്വര്‍ണ്ണ കൊള്ളയിലെ എല്ലാവര്ക്കും ഉടന്‍ ജയില്‍ മോചനമുണ്ടാകും. 90 ദിവസമായും കുറ്റപത്രം നല്‍കാത്തതാണ് ഇതിന് കാരണം. മുരാരി ബാബുവിന് കിട്ടിയ ജാമ്യം ഇതിന് തെളിവാണ്. കഴിഞ്ഞ ദിവസം ഒരു കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കും ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാല്‍ അടുത്ത കേസിലും ജാമ്യം കിട്ടി.
ഇങ്ങനെ ജാമ്യം കിട്ടിയാലും പ്രോസിക്യൂഷന് അപ്പീലിന് പോകില്ല. അതായത് എല്ലാ പ്രതികളും ഉടന്‍ പുറത്തിറങ്ങും. അങ്ങനെ സ്വര്‍ണ്ണ കൊള്ള കേസ് പതിയെ വിസ്മൃതിയിലേക്കും പോകും. ഏറെ നാളത്തെ നിയമപോരാട്ടങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. മാസങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. ഇതോടെ മുരാരി ബാബുവിന്റെ ഭാവി സംബന്ധിച്ചും കേസിലെ തുടര്‍നടപടികള്‍ സംബന്ധിച്ചും പുതിയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
കേസിന്റെ മെറിറ്റിനെ ബാധിക്കാത്ത രീതിയില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണാ കോടതിയുടെ പരിധി വിട്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. മുരാരി ബാബുവിന് ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നതോടെ വലിയ ആഘോഷത്തിലാണ് മറ്റു പ്രതികളും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും. ഇത് തന്നെ മറ്റുള്ളവര്‍ക്കും സംഭവിക്കും.
ഇതോടെ പോറ്റിയും തന്ത്രിയുമെല്ലാം 90 ദിവസം ജയിലില്‍ കിടന്നാല്‍ മതിയെന്ന സ്ഥിതി വരും. പക്ഷേ ഇഡി ഇങ്ങനെ പുറത്തു വരുന്നവരെ പിടിക്കാനും സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ ആ കേസില്‍ വീണ്ടും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും.



