കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകാമെന്ന് കരുതുന്ന ‘കണ്ണൂര്‍ മാറ്റം’! കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ ബിജെപി?

കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകാമെന്ന് കരുതുന്ന ‘കണ്ണൂര്‍ മാറ്റം’. കണ്ണൂരിലെ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഒരു അതികായനായ നേതാവ് ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും തന്നെ അവഗണിക്കുന്നു എന്ന കടുത്ത അതൃപ്തിയിലാണ് ഈ നേതാവ്. കേരളത്തില്‍ ബിജെപി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ നീക്കമായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.

ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ഈ നേതാവിന് കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചതായാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ കരുത്തായി ഈ നേതാവിന്റെ ചുവടുമാറ്റം മാറും. ജനുവരി 23-ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഇദ്ദേഹം അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ചില നിര്‍ണ്ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്ന് നേതാവ് വ്യക്തമാക്കിയതിനാല്‍ 23-ലെ അംഗത്വം സംബന്ധിച്ച് നേരിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മുന്‍പ് പല ഉന്നത പദവികളും വഹിച്ച വ്യക്തിയാണ് ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തുന്നത്.

കണ്ണൂരിലെ രണ്ട് പ്രമുഖര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇത് ഈ കോണ്‍ഗ്രസ് നേതാവിനെ ഉദ്ദേശിച്ചാണെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവിന്റെ വിടവാങ്ങല്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാകും. പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും ശേഷം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്ന ഏറ്റവും വലിയ ‘വിക്കറ്റ്’ ആയിരിക്കും ഇത്. അടുത്ത അനുയായികളോടും ബിജെപി മാറ്റത്തെ കുറിച്ച് നേതാവ് സൂചന നല്‍കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിയാക്കാന്‍ രാജ്യസഭയിലേക്കും ഈ നേതാവിനെ ബിജെപി എത്തിക്കും. അതീവ രഹസ്യമായാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിലൂടെ ശക്തി തെളിയിച്ച ബിജെപി, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഇത്തരം വമ്പന്‍ രാഷ്ട്രീയ അട്ടിമറികളാണ് ലക്ഷ്യമിടുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top