ഒറ്റ ദിവസം നാലു തെറ്റുകള്‍; കേരളത്തിലെ കോണ്‍ഗ്രസിനെ രാഹുല്‍ തകര്‍ക്കുമോ?

കൊച്ചിയില്‍ നടന്നത് കോണ്‍ഗ്രസിന്റെ ഐക്യ വിളംബരമെന്നായിരുന്നു കരുതിയത്. എന്നാല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ കണ്ടത് കേരളത്തിലെ കരുത്തരായ നാല് നേതാക്കളെ തളയ്ക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കിയ ‘ഓപ്പറേഷന്‍ ഒതുക്കല്‍’. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍, ശശി തരൂര്‍… കേരള രാഷ്ട്രീയത്തിലെ ഈ വമ്പന്മാര്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയത് വ്യക്തമായ ഒരു റെഡ് സിഗ്നല്‍! ഒരു ദിവസം നാലു തെറ്റുകള്‍ രാഹുല്‍ ചെയ്തു. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ യുഡിഎഫിനുള്ള ആനുകൂല്യം കേരള രാഷ്ട്രീയത്തില്‍ നഷ്ടമാകും.

അനീതി ഒന്ന്: ആദ്യ തിരിച്ചടി പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വാഹനത്തിലേക്ക് കയറാന്‍ വന്ന സതീശനെ തടഞ്ഞു. ‘മറ്റൊരു കാറില്‍ വന്നോളൂ’ എന്ന നിര്‍ദ്ദേശം സതീശന്‍ ക്യാമ്പിനെ ഞെട്ടിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പരസ്യമായി തഴഞ്ഞത് ഒരു കൃത്യമായ സന്ദേശമായിരുന്നു.

അനീതി രണ്ട്: കെ സുധാകരന്റെ അവസ്ഥ അതിലും കഷ്ടമായിരുന്നു. സംഘടനയെ നയിച്ച കെപിസിസി മുന്‍ അധ്യക്ഷനെ രാഹുല്‍ ഗാന്ധി നേരിട്ട് കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിച്ചു. തന്റെ വിശ്വസ്തര്‍ക്ക് മാത്രം ഇരിപ്പിടമെന്ന രാഹുലിന്റെ ‘ലൈന്‍’ സുധാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചു കഴിഞ്ഞു.

അനീതി മൂന്ന്: അടുത്ത ഊഴം ശശി തരൂരിന്റേതായിരുന്നു. രാഹുല്‍ എത്തുന്നതിന് മുന്‍പേ തരൂരിന്റെ പ്രസംഗം തീര്‍ത്തു. തന്റെ പ്രസംഗത്തില്‍ എല്ലാ നേതാക്കളെയും പേരെടുത്തു പറഞ്ഞ രാഹുല്‍, തരൂര്‍ എന്ന പേര് അറിഞ്ഞ ഭാവം പോലും നടിച്ചില്ല. ജനപ്രീതിയില്‍ മുന്നിലുള്ള തരൂരിനെ നിഷ്പ്രഭമാക്കാനുള്ള പ്ലാന്‍ അവിടെ വിജയിച്ചു.

അനീതി നാല്: മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അപമാനിച്ചത് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടായിരുന്നു. ജൂനിയറായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും ശേഷമാണ് ചെന്നിത്തലയെ പ്രസംഗിക്കാന്‍ വിളിച്ചത്. കേരള കോണ്‍ഗ്രസിലെ സീനിയോറിറ്റിയെ പാടേ അവഗണിച്ചുകൊണ്ടുള്ള ഒരു നീക്കം!

ഇതൊരു വെറും പിഴവല്ല, പ്ലാന്‍ ചെയ്ത നീക്കമാണ്. കേരളത്തില്‍ ഭരണം കിട്ടിയാലും ഈ നാലുപേരും മുഖ്യമന്ത്രിയാകില്ലെന്ന സന്ദേശം. കെ.സി വേണുഗോപാലിനെ കേരളത്തിന്റെ അമരക്കാരനായി വാഴിക്കാനുള്ള ഹൈക്കമാന്‍ഡ് തന്ത്രമാണ് കൊച്ചിയില്‍ അരങ്ങേറിയത്. മുതിര്‍ന്ന നേതാക്കള്‍ വേദനയിലാണ്, പ്രവര്‍ത്തകര്‍ രോഷത്തിലും. വരും ദിവസങ്ങളില്‍ കെപിസിസിയില്‍ ഇതിന്റെ പുകച്ചില്‍ ഉണ്ടാകുമെന്ന് ഉറപ്പ്. രാഹുലിന്റെ രാഷ്ട്രീ പക്വതയില്ലായ്മയാണ് ഈ സംഭവങ്ങളില്‍ നിഴലിക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top