ആര്യയുടെ ‘വിപ്ലവം’ രാജേഷ് തിരുത്തി! ചിത്തിര തിരുനാളിനെ പുറത്താക്കിയ ആര്യയ്ക്ക് എട്ടിന്റെ പണി

തിരുവനന്തപുരം നഗരസഭയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നടപ്പിലാക്കിയ ഏറ്റവും വിവാദപരമായ തീരുമാനങ്ങളിലൊന്ന് വെട്ടിത്തിരുത്തി ബിജെപി ഭരണസമിതി. രാജവാഴ്ചയുടെ ശേഷിപ്പുകള്‍ നഗരസഭയില്‍ വേണ്ടെന്ന് പ്രഖ്യാപിച്ച് ആര്യ പടിയടച്ച് പുറത്താക്കിയ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ ചിത്രം, പുതിയ മേയര്‍ വി.വി. രാജേഷ് അതേ സ്ഥാനത്ത് പുനഃസ്ഥാപിച്ചു. ആര്യയുടെ ‘വിപ്ലവകരമായ’ നീക്കത്തിന് ബിജെപി നല്‍കിയ ഈ മറുപടി ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെ അധികാരമേറ്റ ആര്യ രാജേന്ദ്രന്‍, തന്റെ ഭരണകാലയളവിന്റെ അവസാന ഘട്ടത്തിലാണ് 80 വര്‍ഷത്തിലേറെയായി കൗണ്‍സില്‍ ഹാളിലിരുന്ന രാജാവിന്റെ ചിത്രം നീക്കം ചെയ്തത്. ‘ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ രാജാക്കന്മാര്‍ക്ക് സ്ഥാനമില്ല’ എന്ന രാഷ്ട്രീയ ലൈനായിരുന്നു അന്ന് ആര്യ സ്വീകരിച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ അന്ന് സഭയില്‍ പ്രതിഷേധം കൊണ്ട് ആറുവെച്ചെങ്കിലും ആര്യ കുലുങ്ങിയില്ല. രാജാവിനെ മാറ്റി ഗാന്ധിജിയെ പ്രതിഷ്ഠിച്ച ആര്യയുടെ നടപടി വലിയ ആഘോഷമായാണ് സിപിഎം കൊണ്ടാടിയത്.

എന്നാല്‍ ഭരണം കയ്യില്‍ വന്നതോടെ ആര്യ രാജേന്ദ്രന്റെ ഓരോ തീരുമാനങ്ങളെയും ഇഴകീറി പരിശോധിക്കുകയാണ് വി.വി. രാജേഷ്. ആര്യ മാറ്റിയ അതേ സ്ഥാനത്ത് ചിത്തിര തിരുനാളിന്റെ ചിത്രം മടങ്ങിയെത്തുമ്പോള്‍ അത് വ്യക്തിപരമായി ആര്യയ്ക്കും രാഷ്ട്രീയമായി സിപിഎമ്മിനും മേല്‍ ബിജെപി നടത്തുന്ന വിജയപ്രഖ്യാപനമാണ്. ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം തന്നെ മഹാരാജാവിന്റെ ചിത്രവും വെച്ചതിലൂടെ ‘നഗരശില്പി’യോടുള്ള ആദരവാണ് പ്രകടിപ്പിച്ചതെന്ന് ബിജെപി വാദിക്കുന്നു. ആര്യയുടെ കാലത്തെ ‘ചിത്രം മാറ്റല്‍’ വെറും രാഷ്ട്രീയ നാടകമായിരുന്നെന്ന് രാജേഷ് തിരിച്ചടിക്കുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top