മലയാളത്തിന്റെ പ്രിയ താരം നിവിന്‍ പോളി വീണ്ടും സിംഹാസനത്തിലേക്ക് തിരിച്ചെത്തുന്നു. വേട്ടയാടാന്‍ നോക്കിയവര്‍ക്കും ചതിക്കുഴികള്‍ ഒരുക്കിയവര്‍ക്കും നിയമപോരാട്ടത്തിലൂടെ മറുപടി നല്കി നിവിന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമാ സ്ക്രീനിലെ ‘ബിജു പൗലോസ്’ ഇപ്പോള്‍ ജീവിതത്തിലും ഒരു ‘റിയല്‍ ലൈഫ് ആക്ഷന്‍ ഹീറോ’യായി മാറിയിരിക്കുന്നു!
കുറച്ചു കാലമായി നിവിന്‍ പോളിയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ നാം കണ്ടതാണ്. ഗുരുതരമായ പീഡനാരോപണങ്ങളെ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ നേരിട്ട താരം, സത്യം തെളിയുന്നത് വരെ പോരാടി. ഒടുവില്‍ ആ ആരോപണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തനായി താന്‍ നിരപരാധിയാണെന്ന് നിവിന്‍ തെളിയിച്ചു. ഇപ്പോഴിതാ ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രവുമായി ബന്ധപ്പെട്ട കേസിലും നിവിന്‍ പോളിക്ക് തിളക്കമാര്‍ന്ന വിജയം ലഭിച്ചിരിക്കുന്നു. നിവിന്‍ പോളിയെയും സംവിധായകന് എബ്രിഡ് ഷൈനിനെയും വഞ്ചനാക്കുറ്റത്തില്‍ കുടുക്കാന്‍ ശ്രമിച്ച ഷംനാസ് എന്നയാള്‍ക്കെതിരെ കേസെടുക്കാന്‍ വൈക്കം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
നിവിന്‍ പോളിയുടെ ‘പോളി ജൂനിയര്‍’ എന്ന കമ്പനിക്കാണ് സിനിമയുടെ പൂര്‍ണ്ണ അവകാശമെന്നിരിക്കെ, നിവിന്റെ ഒപ്പ് വ്യാജമായി ഇട്ട് ഷംനാസ് ഫിലിം ചേംബറില്‍ നിന്ന് അവകാശം നേടിയെടുത്തു. മാത്രമല്ല, കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ സത്യവാങ്മൂലവും നല്കി. ഇക്കാര്യങ്ങള്‍ കണ്ടെത്തിയ കോടതി, ബിഎന്‍എസ്എസ് വകുപ്പുകള്‍ പ്രകാരം ഷംനാസിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും അഭിനയത്തില്‍ നിവിന്‍ വിട്ടുവീഴ്ച ചെയ്തില്ല. ‘സര്‍വ്വം മായ’ എന്ന പ്രോജക്റ്റിലൂടെയും, ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘ഫാര്‍മ’ എന്ന വെബ് സീരീസിലൂടെയും നിവിന്‍ തന്റെ പ്രതിഭ ഒരിക്കല്‍ കൂടി തെളിയിച്ചു.
പ്രതിസന്ധികളെ വെട്ടിയൊതുക്കി, വീണടത്തുനിന്ന് ഇരട്ടി കരുത്തോടെ എഴുന്നേല്ക്കുന്ന നിവിന്‍ പോളി മലയാള സിനിമയ്ക്ക് വലിയൊരു പ്രതീക്ഷയാണ്. ഇനി ബിജു പൗലോസായി നിവിന്‍ വീണ്ടും സ്ക്രീനില്‍ തകര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കാം.



