ഇനി ഐഷാ പോറ്റി കോണ്‍ഗ്രസ്, സിപിഎമ്മിന് വമ്പന്‍ തിരിച്ചടി; കൊട്ടാരക്കരയിലെ ‘ജയിന്റ് കില്ലര്‍’; ഐഷാ പോറ്റിയുടെ കഥ

കൊല്ലം: കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ഇടതുപക്ഷ ചരിത്രത്തില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയ നേതാവാണ് അഡ്വ. ഐഷാ പോറ്റി. കേവലം ഒരു എം.എല്‍.എ എന്നതിലുപരി, കൊട്ടാരക്കര എന്ന ‘കോട്ട’ പിടിച്ചെടുത്ത പോരാളി എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ അവരെ വിലയിരുത്തുന്നത്. ഈ പോരാളിയാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തുന്നത്. ഐഷാ പോറ്റിയുടെ രാഷ്ട്രീയ ജീവിതത്തെയും സ്വാധീനത്തെയും കുറിച്ച് ധാരണയുള്ളവര്‍ കൊട്ടാരക്കരയില്‍ വീണ്ടും അ്ട്ടിമറി പ്രതീക്ഷിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെയും കുടുംബത്തിന്റെയും കുത്തക മണ്ഡലമായിരുന്ന കൊട്ടാരക്കരയില്‍ ഇടതുപക്ഷത്തിന്റെ ചെങ്കൊടി നാട്ടിയ നേതാവാണ് ഐഷാ പോറ്റി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഐഷാ പോറ്റിയെ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ പരാജയപ്പെടുത്തിക്കൊണ്ട് ഐഷാ പോറ്റി ‘ജയന്റ് കില്ലര്‍’ എന്ന വിശേഷണം സ്വന്തമാക്കി. ആ വിജയത്തോടെ കൊട്ടാരക്കരയിലെ ദീര്‍ഘകാല രാഷ്ട്രീയ സമവാക്യങ്ങള്‍ അവര്‍ തിരുത്തിയെഴുതി.

ജനകീയതയും വികസനത്തുടര്‍ച്ചയും പിന്നീട് കണ്ടു. ഒരുതവണത്തെ വിജയം ആകസ്മികമല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍. 2011-ല്‍ എന്‍.എന്‍. മുരളിയെ പരാജയപ്പെടുത്തി. 2016-ല്‍: വീണ്ടും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ (15 വര്‍ഷം) കൊട്ടാരക്കരയെ പ്രതിനിധീകരിച്ച അവര്‍, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു. സിപിഎമ്മില്‍ വിഎസിനോടായിരുന്നു അടുപ്പം.

നിയമസഭയ്ക്കുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ അധ്യക്ഷ എന്ന നിലയില്‍ ഐഷാ പോറ്റി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഒരു അഭിഭാഷക കൂടിയായതിനാല്‍ നിയമനിര്‍മ്മാണ സഭയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലും നിയമപരമായ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും അവര്‍ മികവ് പുലര്‍ത്തി. ലളിതമായ ജീവിതശൈലിയും ജനങ്ങളുമായുള്ള അടുത്ത ബന്ധവും അവരെ ഒരു മാതൃകാ ജനപ്രതിനിധിയാക്കി മാറ്റി. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം നടപ്പിലാക്കിയ ‘രണ്ട് ടേം’ നിബന്ധനയുടെ ഭാഗമായി ഐഷാ പോറ്റി മത്സരരംഗത്തുനിന്ന് മാറിനിന്നു.

മികച്ച വിജയസാധ്യത ഉണ്ടായിരുന്നിട്ടും, പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ മാറിനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്വന്തം മണ്ഡലത്തില്‍ കെ.എന്‍. ബാലഗോപാല്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാകാനും അവര്‍ മടിച്ചില്ല. പക്ഷേ പിന്നീട് പാര്‍ട്ടി തഴഞ്ഞു. അങ്ങനെയാണ് അവര്‍ കോണ്‍ഗ്രസില്‍ എത്തുന്നത്. ഇനി എന്തും സംഭവിക്കാം.. കൊട്ടാരക്കര വീണ്ടും ഐഷാ പോറ്റിക്ക് ഒപ്പമെത്തുമോ എന്നതാണ് നിര്‍ണ്ണായകം. കൊട്ടാരക്കരയിലെ രാഷ്ട്രീയ ചിത്രം ബാലകൃഷ്ണപിള്ളയില്‍ നിന്ന് ഇടതുപക്ഷത്തേക്ക് പറിച്ചുനട്ട നേതാവാണ് ഐഷാ പോറ്റി. ഇപ്പോള്‍ പിള്ളയുടെ പാര്‍ട്ടി ഇടതിലാണ്. ഐഷ വലത്തോടും മാറുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top