ആര്യാ രാജേന്ദ്രന് മത്സരിപ്പിക്കുന്നത് ‘ആത്മഹത്യാപരം’; സിപിഎമ്മില്‍ അടി തുടരുന്നു

തിരുവനന്തപുരം സി.പി.എമ്മില്‍ പോര് മുറുകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം തുടരുന്നു. കോര്‍പ്പറേഷന്‍ പരിധിയിലെ കനത്ത പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര്യയ്ക്കാണെന്ന് പാര്‍ട്ടി അംഗങ്ങള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി.

ഇതോടെ ആര്യയ്‌ക്കെതിരെ പാര്‍ട്ടി അന്വേഷണം വന്നേക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ഭരണപരമായ വീഴ്ചകളുമാണ് പാര്‍ട്ടിയെ പിന്നോട്ടടിച്ചതെന്നാണ് ഉയര്‍ന്നു വന്ന പ്രധാന ആരോപണം. കൂടാതെ, വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച നിലപാടുകള്‍ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആര്യയെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് ‘ആത്മഹത്യാപരം’ ആയിരിക്കുമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

ആരോപണങ്ങള്‍ ആര്യയില്‍ മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതികളെക്കുറിച്ചും മുന്‍ വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം വെളിപ്പെടുത്തലുകള്‍ നടത്തി. മുന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെയും യോഗത്തില്‍ മുറുമുറുപ്പുണ്ടായി. സ്ഥാനാര്‍ത്ഥി മോഹം നേതാക്കളില്‍ വര്‍ധിക്കുകയാണെന്നും, സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റപ്പോള്‍ ആശ്വാസം കൊണ്ടവര്‍ നമുക്കിടയിലുണ്ടെന്നും എം.വി. ഗോവിന്ദന്‍ രൂക്ഷമായി പ്രതികരിച്ചു.

വീഴ്ച വരുത്തിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കെതിരെയും വോട്ട് ചോര്‍ച്ചയുണ്ടായ ബൂത്തുകളിലെ ഭാരവാഹികള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന്റെ ഭാരം ആര്യയുടെ തലയില്‍ കെട്ടിവെച്ച് മുതിര്‍ന്ന നേതാക്കള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നുവെന്ന വാദവും അണികള്‍ക്കിടയില്‍ ശക്തമാണ്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം സി.പി.എമ്മില്‍ വലിയ വിഭാഗീയതയ്ക്ക് ഈ നീക്കങ്ങള്‍ വഴിതുറക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top