ശബരിമല സന്നിധാനത്തെ പരമാധികാരികളായ താഴമണ്‍ മഠത്തിന് ഇത് പരീക്ഷണകാലമാണ്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ, മഠത്തിലെ മുതിര്‍ന്ന തന്ത്രിമാരെ വിടാതെ പിന്തുടരുന്ന വിവാദങ്ങളുടെയും നിയമക്കുരുക്കുകളുടെയും ഞെട്ടിക്കുന്ന കഥകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അയ്യപ്പന്റെ പിതൃസ്ഥാനീയര്‍ എന്ന് വിശ്വസിക്കപ്പെടുന്നവര്‍ തന്നെ ദൈവത്തിന്റെ സ്വത്തില്‍ കണ്ണുവെച്ചുവെന്ന ആരോപണമാണ് ഭക്തലക്ഷങ്ങളെ വേദനിപ്പിക്കുന്നത്. നിലവിലെ സ്വര്‍ണ്ണപ്പാളി മോഷണക്കേസിന് പുറമെ, പഴയ കൊടിമരത്തിലെ സ്വര്‍ണ്ണം പൂശിയ വാജിവാഹനം തന്ത്രി സ്വന്തം മഠത്തിലേക്ക് കടത്തിയെന്ന ആരോപണവും ഇപ്പോള്‍ ശക്തമാണ്. ക്ഷേത്രത്തിന്റെ പൊതുസ്വത്തായ ഈ കുതിരരൂപം ഹൈദരാബാദിലെ ഒരു വ്യവസായിക്ക് നല്‍കിയെന്നും, വിവാദമായപ്പോള്‍ ഇത് തന്ത്രിയുടെ വീട്ടിലെത്തിച്ച് മടക്കി നല്‍കിയെന്നും പറയപ്പെടുന്നു. കേസ് മുറുകിയപ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കാമെന്ന് രാജീവര് അറിയിച്ചെങ്കിലും അന്വേഷണം തീരാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.
താഴമണ്‍ കുടുംബത്തെ പിടിച്ചുലയ്ക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. 2006-ല്‍ കണ്ഠരര് മോഹനരെ ശോഭ ജോണും സംഘവും ചേര്‍ന്ന് ലൈംഗികാരോപണത്തില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്തത് കേരളം മറന്നിട്ടില്ല. അന്ന് തന്ത്രിസ്ഥാനം തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് പ്രസിഡന്റിന് ഒരു കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കി. വേദങ്ങളിലും പൂജാവിധികളിലും മോഹനര്‍ക്ക് അറിവില്ലെന്ന ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്റെ കണ്ടെത്തലും മഠത്തിന് തിരിച്ചടിയായിരുന്നു. വിവാദങ്ങള്‍ മൂലം മുതിര്‍ന്ന തന്ത്രിമാരായ രാജീവര്‍ക്കും മോഹനര്‍ക്കും സന്നിധാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍, ശബരിമലയുടെ താന്ത്രിക ചുമതലകള്‍ ഇനി യുവതലമുറയുടെ കൈകളിലേക്ക് മാറുകയാണ്. മോഹനര്‍ക്ക് നേരത്തെ തന്നെ വിലക്കുള്ളതിനാല്‍ മകന്‍ മഹേഷ് മോഹനറാണ് ഇപ്പോള്‍ മകരവിളക്ക് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രാജീവരുടെ കുടുംബത്തിന്റെ ഊഴം വരുമ്പോള്‍ മകന്‍ ബ്രഹ്‌മദത്തന്‍ ചുമതലകള്‍ ഏറ്റെടുക്കും.
വ്യക്തികള്‍ ജയിലിലാകുമ്പോഴും അയ്യപ്പന്റെ സന്നിധിയിലെ ആചാരങ്ങള്‍ മുടങ്ങില്ലെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കുന്നു. എന്നാല്‍ പാരമ്പര്യമായി കൈമാറിവന്ന പവിത്രമായ പദവികള്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട് കളങ്കപ്പെടുന്നത് താഴമണ്‍ മഠത്തിന്റെ വിശ്വാസ്യതയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയിലെ ഗൂഢാലോചനകള്‍ പുറത്തുവരുന്നതോടെ കൂടുതല്‍ രഹസ്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാം. താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്‍മങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്. കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.
മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന്‍ മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകന്‍ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന്‍ കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്‍മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.



