കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പോലീസ് കുറ്റവിമുക്തനാക്കിയതോടെ കേരള രാഷ്ട്രീയം പുതിയൊരു പോര്‍മുഖത്തേക്ക്. തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദര്‍ശനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ കൂടി പുറത്തുവരുന്നതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ ശബരിമല വിഷയം വീണ്ടും കത്തുമെന്ന് ഉറപ്പായി.
ശ്രീകോവിലിന്റെ അറ്റകുറ്റപ്പണിക്കായി തന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തിയത് എന്ന മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാദം പച്ചക്കള്ളമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മിനിറ്റ്സില്‍ ‘പിച്ചള പാളി’ എന്നത് വെട്ടി ‘ചെമ്പ് പാളി’ എന്നാക്കി മാറ്റിയത് ആസൂത്രിതമായ നീക്കമായിരുന്നു. തന്ത്രി ഒപ്പിടാത്ത മഹസര്‍ രേഖകള്‍ കോടതിയില്‍ എത്തിയതോടെ, തന്ത്രി കുടുംബത്തെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഉന്നത രാഷ്ട്രീയക്കാര്‍ക്ക് കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്.
തന്ത്രിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം ഇനി ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക് മാത്രമായി കേന്ദ്രീകരിക്കും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, എ. പത്മകുമാര്‍ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നടപടികള്‍ കര്‍ശനമാകുന്നതോടെ പ്രമുഖ നേതാക്കള്‍ അഴിക്കുള്ളിലാകാനുള്ള സാധ്യതയും ഏറി.
കാലങ്ങളായി സൈബര്‍ സഖാക്കള്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ഇനി നിലനില്‍ക്കില്ല. തന്ത്രി കൊണ്ടുവന്ന ആള് എന്ന നിലയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണ്ടായിരുന്നു എന്ന വാദം പൊളിഞ്ഞു. യഥാര്‍ത്ഥത്തില്‍, മുന്‍പ് കോണ്‍ഗ്രസ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെ സമാന്തര ഭരണാധികാരിയായി വളര്‍ന്നതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ, തന്ത്രിയെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള നീക്കമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ശബരിമല വിഷയം ദേശീയ തലത്തില്‍ സജീവമാക്കാനാണ് ബിജെപി നീക്കം. ജനുവരി 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തും. ബിജെപിയുടെ ‘മിഷന് 2026’ അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിയമസഭയില്‍ രണ്ടക്ക സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഇഡി അന്വേഷണം വലിയ രാഷ്ട്രീയ ആയുധമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബരിമല സന്ദര്‍ശനമാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകം. മുന്‍പ് രാഷ്ട്രപതി സന്ദര്‍ശിച്ച അതേ സുരക്ഷാ പ്രോട്ടോക്കോളോടെയാകും മോദി സന്നിധാനത്തെത്തുക. പുണ്യസ്വര്‍ണ്ണം കവര്‍ന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
തന്ത്രി കുടുംബത്തിന് ആശ്വാസമേകുന്ന കോടതി റിപ്പോര്‍ട്ടും, പിന്നാലെ എത്തുന്ന കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടും. ഭക്തജനങ്ങളുടെ വൈകാരിക വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ എത്രത്തോളം പ്രതിരോധത്തിലാക്കുമെന്ന് കാത്തിരുന്നു കാണാം.അന്വേഷണം മുന്‍ മന്ത്രി കടകംപള്ളിയിലേക്ക് നീങ്ങും. കടകംപള്ളിയെ ഇഡിയോ കേന്ദ്ര ഏജന്‍സികളോ അറസ്റ്റു ചെയ്യാനുള്ള സാധ്യത ഏറെയാണ്.



