തിരുവനന്തപുരം: ആക്കുളം ലെഷര്‍ ആന്‍ഡ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നടപടികളില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണാ എസ്. നായര്‍ രംഗത്തെത്തി. എംഎല്‍എ ചീഫ് പ്രൊമോട്ടറും ഭരണസമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന ‘വൈബ് കോസ്’ എന്ന സ്ഥാപനത്തിന് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികള്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഏറെ രാഷ്ട്രീയ ചര്‍ച്ചയായി ഇത് മാറിയിട്ടുണ്ട്.
ശാസ്തമംഗലത്തെ കോര്പ്പറേഷന് ഓഫീസ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എംഎല്‍എ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഈ വന്‍ ക്രമക്കേട് പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 5-ന് രൂപീകരിച്ച വൈബ് കോസ് എന്ന സ്ഥാപനത്തിന് വെറും ആറ് മാസം തികയുമ്പോഴാണ് ആക്കുളം ടൂറിസം പദ്ധതിയുടെ കരാര്‍ ലഭിക്കുന്നത്. കുറഞ്ഞത് 10 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന നിലനില്‍ക്കെ അട്ടമിറി നടന്നു.
എംഎല്‍എയുടെ സ്ഥാപനം എന്ന നിലയില്‍ ഇളവ് ആവശ്യപ്പെട്ട് വൈബ് കോസ് കത്ത് നല്‍കുകയായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.ടി.പി.സി ഈ ആവശ്യം അംഗീകരിക്കുകയും യോഗ്യതയുള്ള മറ്റ് കമ്പനികളെ ഒഴിവാക്കി വൈബ് കോസിന് കരാര്‍ നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം.
വൈബ് കോസിന് കരാര്‍ ഉറപ്പാക്കാന്‍ വേണ്ടി മാത്രം ‘മുമ്പ് ഡി.ടി.പി.സി.യുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പരിചയം വേണം’ എന്ന കേട്ടുകേള്‍വിയില്ലാത്ത നിബന്ധന ടെണ്ടറില്‍ ഉള്‍പ്പെടുത്തിയതായും വീണ ആരോപിക്കുന്നു. ഇതിന് പിന്നാലെ ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പദ്ധതിയുടെ കരാറും ഇതേ സംഘത്തിന് തന്നെ ലഭിച്ചു.
നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം രണ്ട് തവണ പാലം അടച്ചിടേണ്ടി വന്നത് വലിയ വിവാദമായിരുന്നു. എംഎല്‍എയുടെ രാഷ്ട്രീയ എതിരാളി കൂടിയായ വീണാ എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്ന ഈ വെളിപ്പെടുത്തലുകള്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ അന്വേഷണം നടന്നാല്‍ പ്രശാന്തിന് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



