കൊച്ചി: ‘വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്!’ – സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഈ ഒരൊറ്റ വാക്കില്‍ തകര്‍ന്നടിഞ്ഞത് ബിഡിജെഎസിനെ ഇടതിലെത്തിക്കാനുള്ള പിണറായി-വെള്ളാപ്പള്ളി അന്തര്‍ധാരയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ചേര്ത്തുപിടിച്ചതാണെന്ന് സിപിഐ ആഞ്ഞടിക്കുന്നു. കണ്ടാല്‍ കൈകൊടുക്കും, പക്ഷേ കാറില്‍ കയറ്റില്ലെന്ന ബിനോയ്യുടെ പരിഹാസം കൊള്ളുന്നത് മുഖ്യമന്ത്രിയുടെ നെഞ്ചത്താണ്. സിപിഐയെ ‘ചതിയന്‍ ചന്തു’ എന്ന് വിളിച്ച് വെള്ളാപ്പള്ളിയും എത്തി. ഇതോടെ ഇടതിലെ ബിഡിജെഎസിന്റെ സാധ്യത തീര്‍ന്നു.
ഇനി യുഡിഎഫിന്റെ കാര്യം നോക്കാം. അങ്ങോട്ട് ഒന്നു നോക്കാന്‍ പോലും തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെശിനെ ലീഗ് സമ്മതിക്കില്ല. മുസ്ലിം ലീഗിനെ ‘വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്’ എന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് മാപ്പില്ലെന്നാണ് ലീഗ് നിലപാട്. മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തെയും നിരന്തരം അവഹേളിക്കുന്ന വെള്ളാപ്പള്ളിയെ കൂടെക്കൂട്ടുന്നത് ആത്മഹത്യപരമാണെന്ന് ലീഗ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഒരു പൂച്ചയുടെ പിന്തുണ പോലും കിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞത് വെറുതെയല്ലെന്ന് ചുരുക്കം.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാര്‍ കുടുങ്ങിയതും, കടകംപള്ളിക്കെതിരെ അന്വേഷണം മുറുകുന്നതും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ പോലുള്ള ഒരാളെ കൂടെക്കൂട്ടുന്നത് ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുമെന്നാണ് സിപിഐയുടെ പേടി. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്ത് നിന്ന് അകന്നതും വെള്ളാപ്പള്ളി ഘടകം മൂലമാണെന്ന് അവര്‍ അടിവരയിടുന്നു. അതായത് രണ്ടു പേര്‍ക്കും വേണ്ട. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ തുടരേണ്ടി വരും വെള്ളാപ്പള്ളിയ്ക്ക്.
ചുരുക്കത്തില്‍, അച്ഛന് പറഞ്ഞുണ്ടാക്കിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ മകന്റെ രാഷ്ട്രീയ ഭാവിക്ക് വില്ലനാകുന്നു. ബിഡിജെഎസ് എന്ന പാര്‍ട്ടിക്ക് ഇനി എന്‍ഡിഎ അല്ലാതെ മറ്റൊരു താവളവുമില്ലെന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇനി ഏതൊക്കെ വഴിക്ക് തിരിയുമെന്ന് കാത്തിരുന്നു കാണാം.



