ശബരിമല സന്നിധാനത്തെ പരമാധികാരി… എന്തുകൊണ്ട് തന്ത്രി അകത്തായി?

ശബരിമല സന്നിധാനത്തെ പരമാധികാരി… ഭക്തലക്ഷങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനീയനായി കാണുന്ന താഴമണ്‍ മഠത്തിലെ കണ്ഠര് രാജീവര് സ്വര്‍ണ്ണാഭരണക്കേസില്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേവലം സ്വര്‍ണ്ണപ്പാളി മോഷണമല്ല, കാലങ്ങളായി സന്നിധാനം കേന്ദ്രീകരിച്ച് നടന്നുവന്ന ദുരൂഹമായ പണമിടപാടുകളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ചുരുളുകളാണ് ഇപ്പോള്‍ അഴിയുന്നത്.

അന്വേഷണസംഘത്തിന്റെ കണ്ടെത്തലില്‍ ഏറ്റവും പ്രധാനം പഴയ കൊടിമരത്തിലെ വാജിവാഹനത്തിന്റെ തിരോധാനമാണ്. ആചാരപ്രകാരം ദഹിപ്പിക്കേണ്ട പഴയ കൊടിമരത്തിലെ സ്വര്‍ണ്ണം പൂശിയ കുതിരയുടെ രൂപം തന്ത്രി സ്വന്തം മഠത്തിലേക്ക് കടത്തിയെന്നാണ് വിവരം. ഇതിനുപുറമെ, പടിപൂജയിലെ മുന്‍ഗണനയ്ക്കും വഴിപാടുകള്‍ക്കും തന്ത്രി കുടുംബം ലക്ഷങ്ങള്‍ കൈപ്പറ്റുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നു. ദേവസ്വം കൗണ്ടറുകള്‍ക്ക് പകരം തന്ത്രിയുടെ മുറിയില്‍ നിന്ന് ആയിരങ്ങള്‍ ദക്ഷിണ വാങ്ങി പൂജാസാധനങ്ങള്‍ വിതരണം ചെയ്യുന്ന സമാന്തര സംവിധാനം തന്നെ അവിടെ നിലനിന്നിരുന്നു. സ്വര്‍ണ്ണപ്പാളി കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കുടുംബത്തിനുള്ള അടുത്ത ബന്ധവും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. മോഷണം പോയ സ്വര്‍ണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമയുടെ വീട്ടില്‍ പൂജ നടത്തിയത് നിലവിലെ തന്ത്രി മഹേഷ് മോഹനരാണെന്ന വെളിപ്പെടുത്തല്‍ കേസിനെ പുതിയ തലത്തിലെത്തിച്ചു.

2019-ല്‍ സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിമാറ്റിയപ്പോഴും ആചാരലംഘനം ബോര്‍ഡിനെ അറിയിക്കാതെ തന്ത്രി ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന ജീവനക്കാരനായിട്ടും അഴിമതിക്കും വെട്ടിപ്പിനും കൂട്ടുനിന്നതിലൂടെ തന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും നിലനില്‍ക്കും. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം സന്നിധാനത്തെ അശുദ്ധമാക്കിയ എല്ലാ കൊള്ളരുതായ്മകളെയും പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top