ശബരിമലയില്‍ ‘നരിവേട്ട’! അനുരാജ് മനോഹര്‍ വില്ലന്‍

ശബരിമല സന്നിധാനത്തെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദേവസ്വം ബോര്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍ എ.ഡി.ജി.പി ഇടപെട്ട് ചിത്രീകരണത്തിന് അനുമതി നല്‍കിയത് ഇപ്പോള്‍ വലിയ നിയമപ്പോരാട്ടത്തിന് വഴിമാറുകയാണ്.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ചിത്രീകരണമാണ് വിവാദത്തിന് ആധാരം. മകരവിളക്ക് ദിവസം സന്നിധാനത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സംവിധായകന്‍ അനുമതി തേടിയെങ്കിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അത് കര്‍ശനമായി നിരസിച്ചിരുന്നു. ഹൈക്കോടതിയുടെ വിലക്കും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാല്‍ ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചിട്ടും പമ്പയില്‍ വെച്ച് ചിത്രീകരണം നടന്നു. ഇതിന് അനുമതി നല്‍കിയത് എ.ഡി.ജി.പി എസ്. ശ്രീജിത്താണെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയതോടെയാണ് പോലീസും ബോര്‍ഡും നേര്‍ക്കുനേര്‍ വന്നത്. തിരക്ക് കാരണം ഇക്കാര്യം ബോര്‍ഡിനെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സംവിധായകന്റെ വിശദീകരണം.

ചാലക്കയം മുതല്‍ സന്നിധാനം വരെയുള്ള മേഖലയില്‍ ദേവസ്വം ബോര്‍ഡിനാണ് പരമാധികാരം എന്നിരിക്കെ, പോലീസിന്റെ ഈ നീക്കം ഭരണപരമായ കടന്നുകയറ്റമായി ബോര്‍ഡ് കാണുന്നു. മകരവിളക്ക് ദിനത്തിലെ തിരക്കിനിടയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒത്താശ ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടി ഹൈക്കോടതിയെ അറിയിക്കാനാണ് ബോര്‍ഡിന്റെ നീക്കം.

അനുമതിയില്ലാതെ ഷൂട്ടിങ് നടന്ന സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് എസ്.പിക്ക് ബോര്‍ഡ് അധ്യക്ഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ ഭീഷണിയും കോടതി ഉത്തരവിന്റെ ലംഘനവും വിജിലന്‍സ് പരിശോധിക്കും.

ശബരിമലയിലെ പോലീസ്-ദേവസ്വം ഭരണതര്‍ക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ കടുക്കാനാണ് സാധ്യത. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top