പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതീവ ഗുരുതരമായ ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. ക്രൂരമായ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ പരാതികളിലാണ് പ്രത്യേക അന്വേഷണസംഘം നടപടിയെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയില്‍ വഴി നല്കിയ മൂന്നാമത്തെ പരാതിയെത്തുടര്‍ന്ന് പാലക്കാട്ടെ ഹോട്ടലില്‍ വെച്ചാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ ഫെനി നൈനാനും പ്രതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹബന്ധം വേര്‍പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച രാഹുല്‍, പിന്നീട് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും, കുഞ്ഞ് മറ്റാരുടെയോ ആണെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും യുവതി ആരോപിച്ചു. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഗര്‍ഭഛിദ്രം നടത്തിയെങ്കിലും ഭ്രൂണത്തിന്റെ സാമ്പിളുകള്‍ യുവതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇത് കേസിലെ നിര്‍ണ്ണായക തെളിവാകും.
കൂടാതെ, പാലക്കാട് ഫ്ലാറ്റ് വാങ്ങാനും ആഡംബര വസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുമായി തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ രാഹുല്‍ കൈക്കലാക്കിയതായും പരാതിയിലുണ്ട്. അടിവസ്ത്രം വാങ്ങാന്‍ വരെ തന്റെ പണം ഉപയോഗിച്ചുവെന്ന് യുവതി മൊഴി നല്കി. കേസില്‍ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന്റെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നും, പരാതി നല്കാതിരിക്കാന് ഫെനി തന്നെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയെന്നും യുവതി വെളിപ്പെടുത്തി. നിലവില്‍ ഫെനി നൈനാന് ഒളിവിലാണ്.
യൂണിഫോമിലെത്തിയ എട്ടംഗ പോലീസ് സംഘം അത്യന്തം നാടകീയമായാണ് രാഹുലിനെ കെ.പി.എം ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പീഡനാരോപണം നിഷേധിച്ച രാഹുല്‍, യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് പിടിച്ചെടുത്ത രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
ഡി.എന്‍.എ പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ രക്തസാമ്പിളും ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് കേസുകളില്‍ കോടതിയുടെ സംരക്ഷണം ലഭിച്ചിരുന്നെങ്കിലും മൂന്നാമത്തെ പരാതിയില്‍ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



