കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പില്‍ മത്സരത്തിനിറങ്ങുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു കരുനീക്കത്തിലേക്കാണ്. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന ‘കുടുംബാധിപത്യ’ ആക്ഷേപങ്ങളും പാര്‍ട്ടി അണികള്‍ക്കിടയിലെ പ്രതിഷേധവും തണുപ്പിക്കാന്‍ പി. ജയരാജനെയും എം.വി. ജയരാജനെയും തന്നെ രംഗത്തിറക്കിയിരിക്കുകയാണ് പാര്‍ട്ടി.
തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുടെ പേര് ഉയര്‍ന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി ഘടകങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ അടിയൊഴുക്കുകള്‍ തടയാന്‍ മണ്ഡലത്തിന്റെ പ്രത്യേക ചുമതല പാര്‍ട്ടിയിലെ കരുത്തരായ പി. ജയരാജനും എം.വി. ജയരാജനും നല്‍കിയത് തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളയെ പണ്ട് പരസ്യമായി തള്ളിപ്പറഞ്ഞ നേതാവാണ് പി. ജയരാജന്‍. എന്നാല്‍, തളിപ്പറമ്പിലെ വലിയൊരു വിഭാഗം അണികള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വോട്ടായി മാറ്റാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വിഘടിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ പി.ജെ തന്നെ വേണമെന്നാണ് ഗോവിന്ദന്റെ കണക്കുകൂട്ടല്‍.
സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് മണ്ഡല ചുമതല നല്‍കാറില്ലെങ്കിലും തളിപ്പറമ്പില്‍ എം.വി. ജയരാജനെ നിയോഗിച്ചിട്ടുണ്ട്. പി. ജയരാജനെ മാത്രം ചുമതലയേല്‍പ്പിച്ചാല്‍ പ്രചാരണം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ നിന്ന് മാറുമോ എന്ന ആശങ്കയും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന, യുഡിഎഫിന് മുന്‍തൂക്കമുള്ള പേരാവൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കെ.കെ. ശൈലജയെ ആണ് സിപിഎം രംഗത്തിറക്കുന്നത്. ശൈലജയുടെ വിജയം ഉറപ്പിക്കാന്‍ കണ്ണൂരിലെ മുഴുവന്‍ സംഘടനാ സംവിധാനവും പേരാവൂരിലേക്ക് കേന്ദ്രീകരിക്കും. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സമിതി അംഗം വത്സന്‍ പനോളി എന്നിവര്‍ക്കാണ് പേരാവൂരിന്റെ പ്രത്യേക ചുമതല. കരുത്തരായ ഈ നേതാക്കളെ അണിനിരത്തി മണ്ഡലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പേ പി.കെ. ശ്യാമള മണ്ഡലത്തില്‍ നിശബ്ദ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വ്യക്തികളെ നേരില്‍ കണ്ട് പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം. പാര്‍ട്ടിയുടെ കോട്ടയായ തളിപ്പറമ്പില്‍ ഭരണവിരുദ്ധ വികാരമോ ആന്തൂര്‍ വിവാദമോ തിരിച്ചടിയാകാതിരിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും കണ്ണൂരില്‍ ഒരുങ്ങിക്കഴിഞ്ഞു.



