നെടുമങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി യുവനേതാവ് യുവരാജ് ഗോകുല്‍ എത്തിയേക്കും. പ്രാദേശിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന യുവരാജിന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ ബിജെപിക്ക് വലിയ ആവേശം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ നെടുമങ്ങാട് ഇത്തവണ യുവരക്തത്തെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നതായി തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവനേതാവ് യുവരാജ് ഗോകുലിന്റെ പേരാണ് ഒന്നാമതായി ഇടംപിടിച്ചിരിക്കുന്നത്. അടുത്ത കാലത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ വീഴ്ചയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് യുവരാജ് ഗോകുലിന്റെ ജനപ്രീതി വര്‍ധിപ്പിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ ബിജെപി നടത്തിയ ശക്തമായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിരയില്‍ യുവരാജ് ഉണ്ടായിരുന്നു.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുന്ന ശൈലിയാണ് യുവരാജിനെ പാര്‍ട്ടിക്ക് പ്രിയങ്കരനാക്കുന്നത്. ആരോഗ്യമേഖലയിലെ അഴിമതിക്കും വീഴ്ചയ്ക്കുമെതിരെ അദ്ദേഹം നടത്തിയ സമരങ്ങള്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നെടുമങ്ങാട് മണ്ഡലത്തിനായി പാര്‍ട്ടി തയ്യാറാക്കിയ പട്ടികയില്‍ യുവരാജ് ഗോകുലിന്റെ പേരിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടാനും യുവരാജിനെപ്പോലൊരു നേതാവ് വേണമെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ യുവരാജ് ഗോകുലിനെപ്പോലൊരു സ്ഥാനാര്‍ത്ഥി എത്തുന്നതോടെ മത്സരം ത്രികോണ പോരാട്ടത്തിലേക്ക് മാറാനാണ് സാധ്യത. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും പ്രധാന ആയുധമാക്കിയായിരിക്കും യുവരാജിന്റെ പ്രചാരണം. സിപിഐ സ്ഥാനാര്‍ത്ഥിയായി മന്ത്രി ജി ആര്‍ അനില്‍ വീണ്ടും മത്സരിക്കും. കോണ്‍ഗ്രസ് എംഎ വാഹിദ് അടക്കം നിരവധി പേരുകളെ നെടുങ്ങാട്ടേക്ക് പരിഗണിക്കുന്നുണ്ട്. ഏതായാലും നെടുമങ്ങാട്ടെ മണ്ഡലത്തില്‍ ആദ്യം നിറയുന്ന സ്ഥാനാര്‍ത്ഥിയായി മാറും വിധമാണ് യുവരാജിന്റെ ഇടപെടലുകള്‍.



