പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് വരുമ്പോള്‍ ഒരു രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന് വിലയിരുത്തല്‍ എത്തിയിരുന്നു. ആ ബോംബ് പുത്തിരകണ്ടത്ത് പൊട്ടിയില്ല. പൊട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലാണ്. പാര്‍ട്ടിയെ സഖാക്കള്‍ തിരുത്തുകയാണ്. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതില്‍ കൃത്രിമം നടത്തിയെന്നതാണ് പ്രശ്‌നമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഗുരുതരമായ ആരോപണമാണ് കുഞ്ഞികൃഷ്ണന്‍ നടത്തുന്നത്. സിപിഎമ്മിന് ഞെട്ടലായി മാറുകയാണ് ഈ അഭിമുഖം. പാര്‍ട്ടിയെ സഖാക്കള്‍ തിരുത്തുന്നുവെന്ന പേരില്‍ ആത്മകഥ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ‘തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാ?ഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.’
‘2017 ഡിസംബര്‍ 8,9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്. 2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചിലവാണെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് പിരിച്ചിരുന്നത്’. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.



