ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു; കോണ്‍ഗ്രസില്‍ ഇനി ‘കെസി’ യുഗം, ചെന്നിത്തലയ്ക്ക് തിരിച്ചടി. എ ഗ്രൂപ്പിന് ജീവന് നല്കി ഷാഫിയും സംഘവും; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് കെ.സി. വേണുഗോപാല്‍ എത്തിയേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി ന്മ ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍, പാര്‍ട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹിയിലെ ചരടുവലികളില്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ച് ഹൈക്കമാന്‍ഡ് വിശ്വസ്തനായ കെ.സി. വേണുഗോപാല്‍. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന എ, ഐ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ച്, കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ മൂന്നിലൊന്നും കെ.സി പക്ഷം സ്വന്തമാക്കി. ഇതോടെ, ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി. വേണുഗോപാല്‍ തന്നെ എത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
പഴയ എ, ഐ ഗ്രൂപ്പുകളിലെ പല പ്രമുഖരും ഇപ്പോള്‍ കെ.സി ക്യാമ്പിലാണ്. തൃശൂര്‍ ജില്ലയിലാണ് വേണുഗോപാലിനോട് അടുപ്പമുള്ളവര്‍ ഏറ്റവും കൂടുതല്‍ ജനവിധി തേടുന്നത് (അഞ്ച് പേര്). ഇതില്‍ മൂന്നെണ്ണം പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളാണ്. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് പേര് വീതവും മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കെ.സി ഗ്രൂപ്പില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എറണാകുളത്ത് മാത്രമാണ് കെ.സി പക്ഷത്തിന് സ്വാധീനം കുറവുള്ളത്; ഒരു ജനപ്രതിനിധി മാത്രമാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അനാഥമായെന്ന് കരുതിയ എ ഗ്രൂപ്പ്, സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാമതെത്തി ഏവരെയും ഞെട്ടിച്ചു. 21 പേരാണ് എ ഗ്രൂപ്പിന്റെ ഭാഗമായി മത്സരിക്കുന്നത്. യുവനേതാവ് ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാന് എന്നിവരുടെ കരുനീക്കങ്ങളാണ് എ ഗ്രൂപ്പിന് തുണയായത്. എറണാകുളം ജില്ലയില്‍ അഞ്ചുപേര്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ ഈ പക്ഷത്തിന് കഴിഞ്ഞു. എന്നാല്‍, കൃത്യമായൊരു നാഥനില്ലാത്തതിനാല്‍ ഇവരില്‍ പലരും തിരഞ്ഞെടുപ്പിന് ശേഷം കെ.സി പക്ഷത്തേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്കുന്ന സൂചന.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന് ഇത്തവണ കനത്ത പ്രഹരമാണ് ലഭിച്ചത്. ജോസഫ് വാഴക്കന്, ബാബു പ്രസാദ്, എന്‍. സുബ്രഹ്മണ്യന് തുടങ്ങി ചെന്നിത്തലയുടെ വിശ്വസ്തരെ അവസാന നിമിഷം പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. എങ്കിലും 16 പേരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വയനാട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് ചെന്നിത്തല പക്ഷക്കാര്‍ കൂടുതലുള്ളത്. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തരായ എട്ടുപേരും ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടുന്നുണ്ട്.
സിറ്റിങ് എംപിമാര്‍ക്ക് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും, അവരുടെ നോമിനികള്‍ പലരും പട്ടികയില്‍ ഇടംപിടിച്ചു. കെ. സുധാകരന്റെ നിര്‍ദേശപ്രകാരം തലശ്ശേരിയില്‍ കെ.പി. ഷാജു സ്ഥാനാര്‍ഥിയായപ്പോള്‍, അടൂര്‍ പ്രകാശ് നിര്‍ദേശിച്ച രമ്യ ഹരിദാസ്, മീനാങ്കല്‍ കുമാര്‍, ശാന്തകുമാര്‍ എന്നിവര്‍ക്കും നറുക്കുവീണു. ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന് എന്നിവരുടെ നോമിനികളും പട്ടികയിലുണ്ട്. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത 9 പേരും ഇത്തവണ മത്സരരംഗത്തുണ്ട്.



