പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് വിമത കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത മുന്‍ എം.എല്‍.എ. പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ നേതൃത്വത്തിനെതിരെ ശശി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്ന പി.കെ. ശശി, കഴിഞ്ഞ മാസം കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. അന്നുതന്നെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ഒരുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന ശശിയുടെ ഈ വിമതനീക്കം, പാലക്കാട്ടെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത പരസ്യമായ ചേരിപ്പോരിലേക്ക് വഴിമാറിയതോടെ, സി.പി.എം. സംസ്ഥാന നേതൃത്വത്തിനും ഇതൊരു വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍, മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
‘സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരന്’: ഇമ്പിച്ചിബാവയെപ്പോലുള്ള മഹാരഥന്മാര് ഇരുന്ന ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഇപ്പോള്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന് ഇരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഇയാള്‍ സ്പിരിറ്റ് കേസില്‍ ഒന്നാം പ്രതിയാണെന്ന് ശശി ആരോപിച്ചു.
തീരുമാനങ്ങള്‍ മദ്യപാന സദസ്സില്‍: പാലക്കാട് ജില്ലയില്‍ ലോക്കല്‍ സെക്രട്ടറിയെപ്പോലും കള്ളുകുടിച്ചിരിക്കുമ്പോള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി അധഃപതിച്ചു.
അഴിമതിയും പണപ്പിരിവും: പാര്‍ട്ടിയില്‍ മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള പണപ്പിരിവും അഴിമതിയുമാണ് നടക്കുന്നത്. അധികാരം ഉപയോഗിച്ച് എന്തെല്ലാം തോന്നിവാസങ്ങളാണ് ജില്ലയില്‍ ചെയ്തുകൂട്ടിയത്.
അനീതിക്കെതിരെ ശബ്ദിച്ചവര്‍ പുറത്ത്: അധാര്‍മികതയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പലരെയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും തരംതാഴ്ത്തുകയും ചെയ്തത്. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ തുടരാനില്ലെന്നും ശശി വ്യക്തമാക്കി.
പി.കെ. ശശിയുടെ ആരോപണങ്ങള്‍ തള്ളി ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു രംഗത്തെത്തി. ശശി പറയുന്നത് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ സ്പിരിറ്റ് ഇടപാട് ആരോപണം തെളിയിക്കാന്‍ ശശിയെ വെല്ലുവിളിച്ച അദ്ദേഹം, അത് തെളിയിച്ചാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി.
പാലക്കാട് നടക്കുന്നത് വിമതരുടെ കൂട്ടായ്മയല്ലെന്നും, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വെന്‍ഷനാണെന്നും പി.കെ. ശശി പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി യു.ഡി.എഫ്. പിന്തുണയോടെ പ്രവര്‍ത്തിക്കാനാണ് വിമതരുടെ നീക്കം. പി.കെ. ശശി ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഇതിനായി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.
കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട്, വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ കൂട്ടായ്മകള്‍ ചേര്‍ന്നാണ് ഈ ബദല്‍ നീക്കത്തിന് കരുത്തുപകരുന്നത്. മുന്‍ ഏരിയാ സെക്രട്ടറിമാരും കണ്‍വെന്‍ഷന്റെ ഭാഗമായി. 7 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പമുണ്ടെന്ന് ശശി അവകാശപ്പെട്ടു. നിലവിലെ ജില്ലാ കമ്മിറ്റിയിലുള്ള 5 പേര് കൂടി വരും ദിവസങ്ങളില്‍ വിമതര്‍ക്കൊപ്പം ചേരുമെന്ന് ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട് നേതാവ് സതീഷും വ്യക്തമാക്കി.



