കണ്ണൂര്‍: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക് ഏറ്റുവെന്ന് പരാതി. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ഉന്തും തള്ളലിനുമിടയില്‍ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മന്ത്രിയെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമല്ല. കണ്ണൂരിലെ വിവിധ പരിപാടികള്‍ക്കായി എത്തിയ മന്ത്രിക്ക് നേരെ പകല്‍ മുഴുവന്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. കല്യാടുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസും പെരിങ്ങോത്ത് വെച്ച് മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധിച്ചു.
കണ്ണൂര്‍ നഗരത്തില്‍ വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടയുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് കയറുന്നതിനിടെയാണ് അപ്രതീക്ഷിതമായി കെ.എസ്.യു പ്രവര്‍ത്തകര്‍ ചാടിവീണത്. വഴിതടഞ്ഞ പ്രവര്‍ത്തകരോട് മന്ത്രി രൂക്ഷമായി പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും ഇതിനിടയിലാണ് പരിക്ക് സംഭവിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഈ സംഭവം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുമെന്നുറപ്പാണ്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കെ.എസ്.യു പ്രതിഷേധത്തെയും ആക്രമണത്തെയും കടുത്ത ഭാഷയില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വീണാ ജോര്‍ജ് ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെയാണ് ആക്രമണം നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രി പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടുപോകുകയായിരുന്നു. കഴുത്തിനും കൈയ്ക്കും പരിക്കേറ്റ മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായി ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും നാടിനെ സംഘര്‍ഷഭരിതമാക്കാനാണ് ഇവരുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത്തരം ‘ഗുണ്ടാ കെണികളില്‍’ വീഴരുതെന്നും പ്രകോപനങ്ങളില്‍ പെടാതെ ജനാധിപത്യപരമായ രീതിയില്‍ ജനങ്ങളിലേക്ക് ഈ വിവരങ്ങള്‍ എത്തിക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രിക്ക് നേരെ രാവിലെ മുതല്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. എകെജി ആശുപത്രിക്ക് സമീപം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞിരുന്നു. ഇതെല്ലാം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മന്ത്രിക്ക് പരിക്കേറ്റ സംഭവം ഉണ്ടായത്.



