ഡ്രോണില്‍ പിണറായിയെ വിറപ്പിച്ചു; തിരുവനന്തപുരത്ത് എറിക് സ്റ്റീഫന്‍? യുവത്വത്തിനായി വാദിക്കാന്‍ ലത്തീന്‍ സഭ

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ പോരാട്ടം കനക്കുകയാണ്. ആന്റണി രാജുവിനേറ്റ കോടതി പ്രഹരത്തിന് പിന്നാലെ ഇടതുകോട്ടയില്‍ വിള്ളല്‍ വീഴുമ്പോള്‍, സീറ്റ് പിടിച്ചെടുക്കാന്‍ യുഡിഎഫില്‍ വന്‍ അണിയറ നീക്കങ്ങള്‍ സജീവമാണ്. തലസ്ഥാനത്തിന്റെ മണ്ണില്‍ ഇക്കുറി ‘പുതുമുഖ’ തരംഗമുണ്ടാകുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. യുവനേതാവ് എറിക് സ്റ്റീഫനായി ലത്തീന്‍ സഭ രംഗത്തിറങ്ങുമ്പോള്‍ ചങ്കിടിക്കുന്നത് ആര്‍ക്കൊക്കെ എന്നതാണ് പ്രധാനം. എറിക് മുമ്പ് കേരളത്തില്‍ ചര്‍ച്ചയായത് ഡ്രോണ്‍ വിവാദത്തിലൂടെയാണ്.

തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങളില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഒരു എന്‍.എസ്.യു നേതാവ് ഡ്രോണ്‍ വാങ്ങാന്‍ ശ്രമിച്ചത് കേരള പോലീസിനെ കുറച്ചൊന്നുമല്ല ഒരിക്കല്‍ വട്ടം കറക്കിയത്. എന്‍.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ ഉറക്കത്തില്‍ നിന്ന് പൊക്കി പോലീസ് സ്റ്റേഷനില്‍ എത്തിച്ച ആ വാര്‍ത്ത ഏറെ ചര്‍ച്ചയായി. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഡ്രോണ്‍ ഉപയോഗിച്ച് കരിങ്കൊടി കാണിക്കാന്‍ ആസൂത്രണം ചെയ്യുന്നു എന്ന സംശയത്തിലാണ് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ എറിക്കിനെ കസ്റ്റഡിയിലെടുത്തത്. അന്ന് എറിക്കിന് ഏറെ പിന്തുണ കിട്ടി. പോലീസിനെതിരെ ഉറച്ച നിലപാട് എടുത്തു. അന്ന് പിണറായി പോലും എറികിന്റെ പോരാട്ടത്തില്‍ പ്രതിസന്ധിയിലായി.

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി തിരുവനന്തപുരം സെന്‍ട്രലിലെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. രാഷ്ട്രീയ ഭാവി തുലാസിലായ ആന്റണി രാജുവിന് പകരം ഇടതുപക്ഷം ആരെ ഇറക്കുമെന്ന ചര്‍ച്ചകള്‍ ഒരുവശത്ത് സജീവം. എന്നാല്‍ മറുവശത്ത് യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ നീണ്ട നിരയാണ്. ഇതിനിടയിലാണ് കെ.എസ്.യു മുന്‍ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്റെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്നു കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ കെ.എസ്.യു ദേശീയ സെക്രട്ടറിയായ എറിക്കിന് വേണ്ടി ലത്തീന്‍ സഭ ശക്തമായി വാദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. തീരദേശ മേഖലയിലെ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ സമുദായത്തിന് സ്വാധീനമുള്ള യുവമുഖത്തെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് സഭയുടെ നീക്കം. പക്ഷേ, യുഡിഎഫില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സീറ്റിനായി സി.എം.പി നേതാവ് സി.പി. ജോണും രംഗത്തുണ്ട്. മുസ്ലിം ലീഗിന്റെ പിന്തുണ സി.പി. ജോണിനുണ്ടെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. ഇതിനൊക്കെ പുറമെ മണ്ഡലം തിരിച്ചുപിടിക്കാന്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറും, യുവത്വത്തിന്റെ കരുത്തില്‍ കെ.എസ്. ശബരീനാഥനും കച്ചമുറുക്കുന്നുണ്ട്.

സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം, ലത്തീന്‍ സഭയുടെ കര്‍ശന നിലപാട്, യുവനേതാക്കളുടെ താല്പര്യം – ഇതിനിടയില്‍ ഹൈക്കമാന്‍ഡും കെ.സിയും ആരെ തുണയ്ക്കും എന്നതാണ് ഉയരുന്ന ചോദ്യം. ലത്തീന്‍ സഭയുടെ പിന്തുണ എറിക്കിന് തുണയായി മാറും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top