‘സതീശനെ കുടുക്കാന്‍ നോക്കി; ഒടുവില്‍ നാണക്കേട്; ‘ആ പൊളിഞ്ഞ ‘സിബിഐ’ കഥ ഫ്ളക്സായി; ജട്ടി കേസ് മറയ്ക്കാന്‍ പുനര്‍ജനി ബോംബ്?’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പുനര്‍ജനി കേസില്‍ സിബിഐ കുടുക്കുമോ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള രാഷ്ട്രീയത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഇപ്പോള്‍ കൃത്യമായ ഉത്തരം ലഭിച്ചിരിക്കുകയാണ്. സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് തന്നെ കണ്ടെത്തിയിരിക്കുന്നു! എന്താണ് ഈ ‘സിബിഐ കഥ’യ്ക്ക് പിന്നിലെ യഥാര്‍ത്ഥ കുതന്ത്രം? ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഫ്ളക്സുകളും. അങ്ങ് പേടിച്ച് പോയെന്ന് പറ എന്നാണ് സതീശന് വേണ്ടിയുള്ള ഫ്ളക്സ്. സെക്രട്ടറിയേറ്റിന് മുന്നില്‍ വരെ ഈ ഫ്ളക്സുണ്ട്.

പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് പണം പിരിച്ചതില്‍ സതീശന്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ വിജിലന്‍സ് എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മറ്റൊന്നാണ്. പദ്ധതിക്കായി സമാഹരിച്ച തുക സതീശന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പകരം, മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. വ്യക്തിപരമായി പണം കൈപ്പറ്റിയിട്ടില്ലെന്ന് വ്യക്തമായതോടെ അഴിമതി ആരോപണത്തിന്റെ മുനയൊടിഞ്ഞു. അങ്ങനെ സസീശനെതിരെ തെളിവില്ലെന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

എങ്കില്‍ പിന്നെ എന്തിനായിരുന്നു ഈ സിബിഐ അന്വേഷണ വാര്‍ത്ത? ഇതിന് പിന്നില്‍ കൃത്യമായ ഒരു രാഷ്ട്രീയ തിരക്കഥയുണ്ട്. മുന്‍ മന്ത്രി ആന്റണി രാജു പ്രതിക്കൂട്ടിലായ ‘ജട്ടി കേസ്’ സുപ്രീം കോടതിയില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍, അതില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. ഒരു വര്‍ഷം മുമ്പ് വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് പുറത്തുവിട്ടത്. വിദേശ ഫണ്ട് ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമില്ലാത്തതിനാല്‍ കേസ് സിബിഐയ്ക്ക് വിടാം എന്നൊരു ശുപാര്‍ശ അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍, ഒരു പ്രാഥമിക വിജിലന്‍സ് കേസ് പോലും ഇല്ലാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം നിലനില്‍ക്കില്ലെന്ന് നിയമവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടാണ് ഒരു വര്‍ഷമായിട്ടും പിണറായി സര്‍ക്കാര്‍ ഈ ശുപാര്‍ശ സിബിഐയ്ക്ക് കൈമാറാത്തത്.

സതീശന്‍ നേരിട്ടല്ല പണം പിരിച്ചത് എന്നതാണ് അദ്ദേഹത്തിന് നിയമപരമായി ആശ്വാസമാകുന്നത്. പ്രമുഖ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള മണപ്പാട് ഗ്രൂപ്പാണ് ഇതിന് സൗകര്യമൊരുക്കിയത്. അവര്‍ക്ക് വിദേശനാണ്യം സ്വീകരിക്കാനുള്ള എഫ്.സി.ആര്‍.എ അനുമതിയുണ്ട്. സന്നദ്ധ സംഘടനകള്‍ നേരിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. സര്‍ക്കാര്‍ ഖജനാവിനോ പൊതുജനങ്ങള്‍ക്കോ ഒരു രൂപയുടെ പോലും നഷ്ടം ഇതില്‍ സംഭവിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പുറത്തുവിട്ട വീഡിയോകളില്‍ പോലും സതീശന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് മണപ്പാട് ഗ്രൂപ്പിന്റെ സംരംഭത്തിന് വേണ്ടിയാണ്. ഇത് കുറ്റകരമല്ലെന്ന് വിജിലന്‍സ് എസ്.പി തന്നെ ശുപാര്‍ശ നല്‍കിയിട്ടുള്ളതാണ്.

ചുരുക്കത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ കുടുക്കാന്‍ മെനഞ്ഞ ഗൂഢാലോചന പാളിപ്പോയിരിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം തെളിവില്ലാത്ത കേസില്‍ വെറുമൊരു ‘സിബിഐ ഭീഷണി’ ഉയര്‍ത്തി സതീശനെ ഒതുക്കാം എന്നത് രാഷ്ട്രീയ വ്യാമോഹം മാത്രമായി മാറുകയാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ ഈ വൈരുദ്ധ്യം വരും ദിവസങ്ങളില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നത് ഉറപ്പാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top