ആര്യ രാജേന്ദ്രന് സീറ്റില്ല? സിപിഎം മാറിച്ചിന്തിക്കുന്നു; ‘കുട്ടി മേയര്‍’ എന്ന ഇമേജ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായോ?

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ തലപ്പത്തെത്തിയ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ഭാവി തുലാസിലാണോ? 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാകുമ്പോള്‍, ഉയരുന്ന ഏറ്റവും വലിയ ചോദ്യമിതാണ്-ആര്യ രാജേന്ദ്രന് ഇത്തവണ സീറ്റുണ്ടാകുമോ? ജില്ലയിലെ സിപിഎം നേതൃത്വത്തില്‍ നിന്നും പുറത്തുവരുന്ന സൂചനകള്‍ ആര്യയ്ക്ക് അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യ രാജേന്ദ്രന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും കത്തുവിവാദവും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ജില്ലാ നേതാക്കളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് സംസ്ഥാന നേതൃത്വം നല്‍കിയ അമിത സംരക്ഷണമാണ് ഭരണവിരുദ്ധ തരംഗത്തിന് കാരണമായതെന്ന് ഒരു വിഭാഗം നേതാക്കള്‍ ഇപ്പോള്‍ പരസ്യമായി തന്നെ പറയുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗര പരിധിയിലുള്ള സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് സിപിഎം നീക്കം. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ ഇഡി അന്വേഷണം കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളിലേക്ക് നീളുകയാണ്. ഈയൊരു സാഹചര്യത്തില്‍ വിവാദ നായികയായ ആര്യ രാജേന്ദ്രനെ കൂടി കളത്തിലിറക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പുതിയ വഴിത്തിരിവുകള്‍ ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തന്ത്രി കുടുംബത്തെ വേട്ടയാടാന്‍ ശ്രമിച്ചുവെന്ന ആരോപണം വിശ്വാസികള്‍ക്കിടയില്‍ കനത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബരിമല സന്ദര്‍ശനം കൂടി എത്തുന്നതോടെ ഈ വികാരം വോട്ടായി മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഈ തരംഗത്തെ പ്രതിരോധിക്കാന്‍ ഇമേജ് തകര്‍ന്ന നേതാക്കള്‍ക്ക് പകരം ക്ലീന്‍ ഇമേജുള്ളവരെ കൊണ്ടുവരാനാണ് സിപിഎം ആലോചിക്കുന്നത്. കോര്‍പ്പറേഷനിലെ ആര്യാ രാജേന്ദ്രന്റെ കാലത്തെ ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ബിജെപിയുടെ നേതൃത്വത്തിലെ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ ആര്യയെ മത്സരിപ്പിച്ചാല്‍ ചര്‍ച്ചകള്‍ അഴിമതി വാര്‍ത്തകള്‍ക്കും വഴിവയ്ക്കും. ഇതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്. നേമത്ത് ആര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ സിപിഎം ആലോചിച്ചിരുന്നു.

‘കുട്ടി മേയര്‍’ എന്ന ഇമേജ് പാര്‍ട്ടിക്ക് ആദ്യകാലങ്ങളില്‍ ഗുണമായെങ്കിലും ഭരണരംഗത്തെ പാളിച്ചകള്‍ തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ആര്യയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്തിയെങ്കിലും ജനങ്ങള്‍ കൈവിട്ട നേതാവിനെ ഇനിയൊരു അങ്കത്തിന് നിയോഗിക്കാന്‍ സിപിഎം തയ്യാറാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top